തൃശൂർ: മദ്ധ്യ കേരളത്തിലെ സർക്കാർ സംവിധാനത്തിന് കീഴിൽ വരുന്ന ആദ്യത്തെ കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങി. 2.15 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് ഇവിടെ നിന്നും കൃത്രിമമായി അവ നിർമ്മിച്ച് നൽകും. ബി.പി.എൽ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് പുറത്തുള്ള വിലയേക്കാൾ അഞ്ചിലൊന്ന് തുകയ്ക്കും ലഭിക്കും. ഉപയോഗിക്കാനുള്ള പരിശീലനവും തുടർന്നുള്ള പരിപാലനവും നൽകും. ആദ്യഘട്ടത്തിൽ 15 പേർക്ക് വേണ്ട സഹായം നൽകും.