ചാലക്കുടി: സെപ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാഹനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന മുഴുവൻ വാഹനങ്ങളുമാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. വാർഡ് കൗൺസിലർ വി.ജെ ജോജിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. കൊവിഡ് കാലത്ത് മാലിന്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. മാസ്‌കുകൾ പോലും ധരിക്കാതെ വാഹനങ്ങളിലെ തൊഴിലാളികൾ നിരത്തിൽ നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. കൊവിഡ് പ്രതിസന്ധി തുടങ്ങിയ സമത്ത് ഇവർ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർ തിരികെയെത്തി. പച്ചക്കറി ലോറികളിലും മറ്റുമായാണ് ഇവർ തിരികെയെത്തിയത്. മുച്ചക്ര വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തിയാണ് ഇവർ സെപ്റ്റിക് ക്ലീനിംഗ് വാഹനങ്ങളാക്കി ഉപയോഗിക്കുന്നത്.