ഏങ്ങണ്ടിയൂർ: സി.പി.എം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ നിർവഹിച്ചു. നാട്ടിക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന എട്ടാമത്തെ വീടാണിത്. എം.എ. ഹാരിസ് ബാബു അദ്ധ്യക്ഷനായി. പി.എം. അഹമ്മദ്, കെ.എ. രാജേഷ്, കെ.എച്ച്. സുൽത്താൻ, പി.എൻ. ജോതിലാൽ, എസ്.എ. നവാസ് എന്നിവർ സംസാരിച്ചു. ചേറ്റുവയിലെ പരേതനായ ഷെമീറിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് പെൺമക്കളും ഭാര്യയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷെമീർ 2007 ആഗസ്റ്റ് മാസത്തിൽ എലിപ്പനി ബാധിച്ച് മരണപ്പെടുകയായിരുന്നു. നിലവിൽ ബന്ധുവീട്ടിലാണ് ഇവർ താമസിച്ചുവരുന്നത്.