rain-

തൃശൂർ: പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കുകയോ അതിതീവ്രമഴ കൂടുതൽ സമയം രേഖപ്പെടുത്തുകയോ ചെയ്യാതെ ഒറ്റദിവസത്തെ ഏതാനും മണിക്കൂറിലെ പെയ്ത്തിൽ തൃശൂർ നഗരവും പരിസരപ്രദേശങ്ങളും മുങ്ങിയത് അപായസൂചന.

കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചിട്ടും വെള്ളക്കെട്ട് തടയാനുള്ള കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രമം ഫലം കാണാത്തതാണ് കാരണമെന്നാണ് മുഖ്യവിമർശനം. കാനകളും തോടുകളും വൃത്തിയാക്കിയ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായില്ല. കാന വൃത്തിയാക്കൽ നടപ്പാക്കാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുമുണ്ട്. പെട്ടെന്ന് വെള്ളം ഉയരാറുളള മ്യൂസിയം ക്രോസ് ലൈൻ, റോസ് ഗാർഡൻ, പുഴയ്ക്കൽ പ്രദേശങ്ങളിലെ തോടുകൾ വൃത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനാൽ ഈ പ്രദേശങ്ങൾ മുങ്ങിയില്ല. ശക്തനിൽ വെള്ളം പാടത്തേക്ക് ഒഴുകുന്നതിലെ തടസ്സവും പുതിയതായി കെട്ടിയ കാനകൾ ഉയരം കൂടിയതിനാൽ റോഡിൽ നിന്ന് വെള്ളം ഒഴുകാത്തതും കാരണമായി.

വകുപ്പുകളുടെ ഏകോപനമില്ലായ്മയും തിരിച്ചടിയായി. തോടുകളിൽ നിന്ന് മണ്ണെടുക്കാൻ കോർപറേഷനും മണ്ണുസംരക്ഷണ വകുപ്പും ടെൻഡർ വിളിച്ചെങ്കിലും മണ്ണ് നീക്കം മാത്രം നടന്നില്ല. തോടിൽ നിന്ന് കയറ്റിയിടുന്ന മണ്ണ് കോർപറേഷൻ നീക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ലെന്ന് പറയുന്നു.

കോർപറേഷന് മൂന്ന് കോടി രൂപയാണ് പ്രളയ പുനർനിർമാണ പ്രവൃത്തികൾക്ക് കിട്ടിയതെന്നും ഇതിൽ ഒന്നും ചെലവാക്കിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ ആരോപണം. കഴിഞ്ഞ വർഷത്തെ വെള്ളക്കെട്ടിനെ തുടർന്ന് താൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ ആറാഴ്ചക്കകം വിദഗ്ദ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കി സമയബന്ധിതമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണെന്നും അടിയന്തരമായി മേയർ, പൊതുമരാമത്ത്, കെ.എൽ.ഡി.സി, ഇറിഗേഷൻ ഉദ്യാഗസ്ഥരുടെ യോഗം വിളിക്കാൻ കളക്ടർ തയ്യാറകണമെന്നുമാണ് പ്രതിപക്ഷ കൗൺസിലർ എ. പ്രസാദിന്റെ ആവശ്യം.


കൊവിഡിനിടെ മഴ കനത്താൽ

2018ലും 2019ലും സംഭവിച്ചപോലെ ആഗസ്റ്റിൽ മഴ കനത്താൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കും. വീടൊഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുന്നത് വലിയ വെല്ലുവിളിയും ഉയർത്തും. ജില്ലയുടെ ജല വിനിയോഗത്തെ സംബന്ധിച്ച് ദീർഘകാലത്തേക്കുള്ള പഠനവും ആക്‌ഷൻ പ്ലാനും രൂപീകരിക്കുന്നതിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അങ്ങനെയെങ്കിൽ മാത്രമേ വെള്ളക്കെട്ടിനെ അതിജീവിക്കാനാകൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


'' മഴക്കാല പ്രശ്‌നങ്ങൾ നേരിടുന്നതിനായി തൃശൂർ കോർപറേഷൻ പ്രത്യേക ടീമിന് രൂപം നൽകും. മഴമൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കും.''

ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനം


'' ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം രണ്ട് ദിവസം കൂടി മഴ തുടരും. ആഗസ്റ്റിൽ മഴ ശക്തമാകാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.''
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ

വെള്ളാനിക്കരയിൽ 154.9 മി.മീ

ബുധനാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള സമയം വെള്ളാനിക്കരയിലെ മാപിനിയിൽ രേഖപ്പെടുത്തിയത് 154.9 മില്ലിമീറ്റർ മഴയാണ്.


മറ്റിടങ്ങളിൽ:

ചാലക്കുടി- 90 മി.മീ

ഇരിങ്ങാലക്കുട- 68

കൊടുങ്ങല്ലൂർ- 66

ഏനാമാക്കൽ- 60

വടക്കാഞ്ചേരി- 57

കുന്നംകുളം- 33