remya
നെഞ്ചുരോഗ ആശുപത്രിയിൽ കൊവിഡ് വാർഡുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന രമ്യ ഹരിദാസ് എം.പി നിർവഹിക്കുന്നു.

തൃശൂർ: ജാഗ്രത പുലർത്തി കൊണ്ട് കൊവിഡ് പ്രതിരോധ ചികിത്സാരംഗത്ത് മുന്നേറാമെന്ന് രമ്യ ഹരിദാസ് എം.പി. വർദ്ധിക്കുന്ന കൊവിഡ് രോഗികളുടെ സാഹചര്യത്തിൽ, രോഗികളെ ചികിത്സിക്കുന്നതിന്, തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ പുതിയതായി സജ്ജീകരിച്ച നാലു വാർഡുകൾ, വലിയ രീതിയിൽ ആശ്വാസകരമാകുമെന്നും എം.പി പറഞ്ഞു.

അനിൽ അക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്, 50 ലക്ഷം രൂപ ചെലവു ചെയ്തു സജ്ജീകരിച്ച നെഞ്ചുരോഗ ആശുപത്രിയിലെ, 3, 4, 9, 13 വാർഡുകൾ, കൊവിഡ് രോഗികൾക്കു വേണ്ടി, തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായിരുന്നു. കളക്ടർ എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.
പുഴക്കൽ ബ്ലോക്ക് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, കെ. അജിത്കുമാർ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അഡ്വ. എൻ.എസ്. മനോജ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ, വി.ആർ. അജിത് കുമാർ, ഡോ. സി. രവീന്ദ്രൻ, കെ.കെ. ഗ്രേസി, ജിജോ കുര്യൻ, കെ.എൻ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് സ്വാഗതവും, മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന എ. ഖാദർ നന്ദിയും പറഞ്ഞു.