ചേർപ്പ്: ദൃശ്യചാരുതകൾ പകർത്തിയ കാമറ കണ്ണുകൾക്ക് ലോക്ഡൗണിൽ ഒളിമങ്ങിയതോടെ കൊവിഡ് കാലത്ത് മത്സ്യക്കൃഷിയടക്കമുള്ളവയിൽ ഏർപ്പെട്ടിരിക്കുകയാണ് ഫോട്ടോഗ്രാഫറായ ചെറുശേരി മണ്ണാംപറമ്പിൽ അലക്‌സി. ചൊവ്വൂരിൽ അരേ കൃഷ്ണാ എന്ന സ്റ്റുഡിയോ നടത്തി 20 വർഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായിരുന്ന അലക്‌സിക്കും മറ്റ് പലരെയും പോലെ ലോക്ഡൗൺ വില്ലനാവുകയായിരുന്നു.
തുടർന്ന് വീടിനോടു ചേർന്ന വളപ്പിൽ മത്സ്യകൃഷിയടക്കമുള്ളവയുമായി പുതിയ ജീവിതവഴി കണ്ടെത്തുകയായിരുന്നു. വളപ്പിലെ അഞ്ച് സെന്റ് സ്ഥലത്ത് വിശാലമായ കുളം, കുളത്തിൽ ഇരുനൂറോളം ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങൾ, നാടൻ കരിങ്കോഴി, ഗ്രാമപ്രിയ കോഴികളും ഇവിടെയുണ്ട്.
സർക്കാർ സംരക്ഷണത്തോടെയാണ് ഇവയെ പരിപാലിച്ചു വരുന്നത്. റൂറൽ സെൽഫ് എപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മത്സ്യകൃഷി പരിശീലനം നേടിയ അലക്‌സിയുടെ ഭാര്യ രേഖയും മത്സ്യകാർഷിക രംഗത്ത് സഹായത്തിനുണ്ട്. മക്കളായ അരേ കൃഷ്ണയും ലാൽ കൃഷ്ണയും മാതാപിതാക്കൾക്കൊപ്പം കാർഷിക രംഗത്തെ മിത്രങ്ങളാണ്. തെങ്ങ്, വാഴ, റോബസ്റ്റ് വിവിധയിനം ജൈവ പച്ചക്കറികളൂടെയും കാർഷിക വിജയഗാഥ തെളിയിക്കുകയാണ് ഈ കുടുംബം.