വാടാനപ്പിള്ളി: സ്റ്റേഷൻ റൈറ്റർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ, രണ്ട് എസ്.ഐ എന്നിവർ ഉൾപ്പെടെ 23 പൊലീസുകാർ ക്വാറന്റൈനിൽ പോയി. റൈറ്ററുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരാണ് ക്വാറന്റൈനിൽ പോകുന്നത്. അവശേഷിക്കുന്ന കെ.എ.പിക്കാർ അടക്കം 13 പേരും മറ്റ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരെയും ഉപയോഗിച്ച് സ്റ്റേഷൻ പ്രവർത്തനം തുടരും.

കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസുകാരനാണ് കൊവിഡ് ബാധിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഭാര്യക്കും,​ രണ്ടു മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഭാര്യ കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴിഞ്ഞ 28ന് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ റൈറ്റർ പനി പിടിപെട്ട് തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്നു. അഗ്നി രക്ഷാസേന പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.