ഇരിങ്ങാലക്കുട: കൊവിഡ് കാലത്ത് സമൂഹനന്മ ലക്ഷ്യമാക്കി ക്രിയാത്മക ഇടപെടലുകൾ നടത്താൻ ജയിൽ വകുപ്പിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിങ്ങാലക്കുടയിൽ മിനി സിവിൽ സ്റ്റേഷന് സമീപം 1.82 ഏക്കർ സ്ഥലത്ത് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിക്കെതിരായ പോരാട്ട സമയത്ത് മാസ്‌കുകളും സാനിറ്റൈസറുകളും നിർമ്മിച്ച് മിതമായ നിരക്കിൽ നൽകാൻ ജയിൽ വകുപ്പിന് കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ്, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ്, മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പ്രിസൺസ് സാം തങ്കയ്യൻ, ജില്ലാ റൂറൽ പൊലീസ് വകുപ്പ് മേധാവി ആർ. വിശ്വനാഥ്, നഗരസഭാ ചെയർപേഴ്‌സൺ നിമ്യ ഷിജു തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ മുഖ്യാതിഥികൾ ഓൺലൈനിലൂടെയാണ് ചടങ്ങിൽ പങ്കെടുത്തത്.