തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പമ്പിന്റെ നാട മുറിച്ചുള്ള ഉദ്ഘാടനവും ആദ്യ ഇന്ധനം നിറക്കലും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായരും വാർഡ് കൗൺസിലർ സുരേഷ് കുമാറും ചേർന്ന് നിർവഹിച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ 9.5 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് നാല് പെട്രോൾ പമ്പുകൾ സ്ഥാപിച്ചത്. 30 ലക്ഷം രൂപയാണ് ജയിൽ വകുപ്പിന്റെ വിഹിതം. ഈ പദ്ധതി വഴി 15 അന്തേവാസികൾക്ക് പമ്പിൽ ജോലി നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാകും. പമ്പിൽ പബ്ലിക് കംഫർട് സ്റ്റേഷൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ പാടൂക്കാട് തിയ്യറ്ററിനടുത്ത 30 സെന്റ് സ്ഥലത്താണ് പമ്പ് നിർമ്മിച്ചിട്ടുള്ളത്. പമ്പിൽ ജോലി ചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. ഭാവിയിൽ സി.എൻ.ജി, ഇലക്ട്രിക്കൽ ചാർജിംഗ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കും. രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് പമ്പിന്റെ പ്രവർത്തന സമയം.
മന്ത്രിമാരായ അഡ്വ. വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജയിൽ ഡി.ജി.പി: ഋഷിരാജ് സിംഗ്, മേയർ അജിത ജയരാജൻ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു. മദ്ധ്യ മേഖലാ ഡി.ഐ.ജി സാം തങ്കയ്യൻ, ഐ.ഒ.സി: ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ എന്നിവർ സന്നിഹിതരായിരുന്നു.