മാള: കുഴൂർ പഞ്ചായത്തിലെ കാക്കുളിശേരിയിൽ കൊവിഡ് പൊസിറ്റീവായിട്ടുള്ള പള്ളി വികാരിയുടെ പ്രാഥമിക സമ്പർക്ക പട്ടിക വിപുലമാണെന്ന് സൂചന. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സമ്പർക്കം ഉണ്ടായെന്ന് കണ്ടെത്തി. ചില ചടങ്ങുകളിലും പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വോളിബാൾ കളിച്ചിട്ടുണ്ട്.
പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടുള്ള കുഴൂർ പഞ്ചായത്തിലെ വാർഡ് ഒന്ന് (താണിശേരി), രണ്ട് (കാക്കുളിശേരി), മൂന്ന് (തുമ്പരശേരി), നാല് (കുഴൂർ), അഞ്ച് (തെക്കുംചേരി), 13 (പാറപ്പുറം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലുള്ളവർക്ക് പുറത്തേക്കും പുറത്ത് നിന്നുള്ളവർക്ക് അകത്തേക്കും പ്രവേശനമില്ലാതെ റോഡുകൾ അടച്ചിടുകയാണ്.
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ കൊവിഡ് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
മാള പഞ്ചായത്തിലെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 173 പേർക്ക് രണ്ട് ദിവസങ്ങളിലായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 9 പേർക്കാണ് പൊസിറ്റീവായി കണ്ടെത്തിയത്. ഇവരെല്ലാം കാട്ടിക്കരക്കുന്ന് പ്രദേശത്തുകാരാണ്.
5 വയസ് മുതൽ 88 വയസ് വരെയുള്ള ഇവർക്ക് സമ്പർക്കത്തിലൂടെയാണ് പൊസിറ്റീവ് ആയിട്ടുള്ളതെന്നാണ് നിഗമനം. കുഴൂർ പഞ്ചായത്തിൽ കൂടുതൽ ജനസമ്പർക്കമുള്ളവർക്ക് ആൻ്റിജൻ പരിശോധന നടത്തി.
പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 75 പേർക്കാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികൾ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, റേഷൻ വ്യാപാര സ്ഥാപനത്തിലുള്ളവർ തുടങ്ങിയ പൊതുജന സമ്പർക്കം ഏറ്റവും കൂടുതലുള്ളവരെയാണ് കൊവിഡ് പ്രാഥമിക പരിശോധന നടത്തിയത്. ഇവർക്കെല്ലാം പരിശോധനാ ഫലം നെഗറ്റീവായിട്ടാണ് കണ്ടെത്തിയത്.