guruvayur-devaswam

ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ ഇന്ന് സ്ഥാനമൊഴിയും. രണ്ട് വർഷമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചുവരുന്ന എസ്.വി. ശിശിറിന്റെ ഡെപ്യൂട്ടേഷൻ കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടർന്നാണ് സ്ഥാനം ഒഴിയുന്നത്. തിരുവനന്തപുരത്ത് ചരക്കുസേവന നികുതി വിഭാഗം അസിസ്റ്റന്റ് കമ്മിഷണറായി പ്രവർത്തിക്കുന്നതിനിടെ രണ്ട് വർഷം മുമ്പാണ് ഡെപ്യൂട്ടേഷനിൽ ഇദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രറ്ററായി സർക്കാർ നിയമിച്ചത്.

ഒരു വർഷമാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി. എന്നാൽ ശിശിറിന്റെ പ്രവർത്തന മികവിനെ തുടർന്ന് കഴിഞ്ഞ വർഷം ഇദ്ദേഹത്തിന് സർക്കാർ വീണ്ടും ഒരു വർഷം കാലാവധി നീട്ടി നൽകുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ എസ്.വി. ശിശിർ 29 വർഷമായി സെയിൽ ടാക്‌സ് വകുപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് രണ്ട് വർഷം മുമ്പ് ഡെപ്യൂട്ടേഷനിൽ ഗുരുവായൂർ ദേവസ്വത്തിലെത്തിയത്.
പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള സർക്കാർ നടപടിക്രമം പൂർത്തിയായില്ല. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാൻ സർക്കാർ വിവിധ വകുപ്പുകളിലെ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്തവർക്ക് അപേക്ഷ നൽകാൻ ഇന്നുകൂടി സമയം നൽകിയിട്ടുണ്ട്. അപേക്ഷകരിൽ നിന്ന് മൂന്ന് പേരുടെ പാനൽ സർക്കാർ ദേവസ്വം ഭരണസമിതിക്ക് നൽകും. ഈ പാനലിൽ നിന്നും ഭരണ സമിതി തിരഞ്ഞെടുക്കുന്ന വ്യക്തിയെയാണ് അഡ്മിനിസ്‌ട്രേറ്ററായി സർക്കാർ നിയമിക്കുക. ഇതിന് ഇനിയും സമയമെടുക്കുമെന്നതിനാൽ ദേവസ്വം ആക്ട് അനുസരിച്ച് ഇന്നു മുതൽ അഡ്മിനിസ്‌ട്രേറ്ററുടെ താത്കാലിക ചുമതല ഒരു ഡെപ്യൂട്ടി കലക്ടർക്ക് കൈമാറും.