ചാലക്കുടി: നഗരസഭ പരിധിയിൽ ഇന്നലെ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ ശുചീകരണ ജീവനക്കാരൻ, മാർക്കറ്റിലെ പലചരക്ക് കട തൊഴിലാളി എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ മൂന്നു ദിവസത്തിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതായി. ഇതിനിടെ നഗരത്തിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വൈദികർക്കും കൊവിഡ് ബാധയുണ്ട്. എന്നാൽ ഇക്കാര്യം നഗരസഭ അധികൃതരുടെ ഔദ്യോഗിക പട്ടികയിൽ എത്തിയിട്ടില്ല. വി.ആർ.പുരം സ്വദേശി കണ്ടിജന്റ് ജീവനക്കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടെന്നാണ് വിവരം. സ്രവ പരിശോധന നടത്തിയ ശേഷവും ഇയാൾ പലയിടത്തും സഞ്ചരിച്ചു. ഒരുദിവസം നഗരസഭ കാര്യാലയത്തിലും എത്തി. പിന്നീട് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട വനിതാ കൗൺസിലർ മാർക്കറ്റിൽ എത്തിയത് നേരത്തെ വിവാദമായിരുന്നു. എന്നിട്ടും ഇതേ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്ന ജീവനക്കാരൻ ഓഫീസ് അങ്കണത്തിൽ വന്നത് ചോദ്യ ചിഹ്നമാകുന്നു. മാർക്കറ്റിലെ മുനിസിപ്പൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിലെ ജീവനക്കാരൻ പോട്ട 35ാം വാർഡ് സ്വദേശിയാണ്. ഇയാളുടെ വീട്ടിൽ വിദേശത്ത് നിന്നെത്തിയ മകൻ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.