കയ്പമംഗലം: കൊവിഡ് 19 മഹാമാരിയുടെ നിയന്ത്രണങ്ങളിൽ അകലം പാലിക്കുക എന്ന വെല്ലുവിളി എറ്റെടുത്ത് ഒരു സർക്കാർ ഡോക്ടർ. കയ്പമംഗലം ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് റഫീക്ക് ആണ് രോഗികളെ പരിശോധിക്കാനായി സ്‌റ്റെതസ്കോപ്പിന്റെ നീളം കൂട്ടിയത്. രോഗികളെ പരിശോധിക്കാതെ മരുന്നെഴുതുന്ന ശീലം പണ്ടേ ഇല്ലാത്ത ഡോക്ടറാണ് ഒന്നരമീറ്റർ അകലം പാലിക്കണം എന്നുള്ള നിർദ്ദേശം പാലിക്കാനായി സ്‌റ്റെതസ്‌കോപ്പിന്റെ നീളം റബ്ബർ ട്യൂബ് ഉപയോഗിച്ച് കൂട്ടിയത്.
കൊവിഡ് 19 ന്റെ തുടക്കത്തിൽ വയറുവേദനയും നെഞ്ചുവേദനയും ഉള്ള രോഗികളെ പോലും പരിശോധിക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നു. രോഗിയിൽ നിന്ന് നമുക്കും, നമ്മിലൂടെ മറ്റുള്ളവർക്കും രോഗം വരാതെ നോക്കണമല്ലോ എന്ന തീരുമാനത്തിലാണ് ഈ ആശയം പ്രാവർത്തികമാക്കിയതെന്ന് ഡോ. മുഹമ്മദ് റഫീക്ക് പറഞ്ഞു. സ്‌തെതസ്‌കോപ്പ് ശരീരത്തിൽ എവിടെ വയ്ക്കണമെന്ന് രോഗിയെ കാണിച്ചു കൊടുത്താൽ വളരെയെളുപ്പം അകലം പാലിച്ച് രോഗിയെ പരിശോധിക്കാം. പരിശോധനയ്ക്ക് മുമ്പും ശേഷവും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് രോഗി കൈകളും സ്‌തെതസ്‌കോപ്പിന്റെ ചെസ്റ്റ് പീസും അണുവിമുക്തമാക്കണം.