തൃശൂർ: കൊവിഡ് പെയ്ഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ ചെലവ് താങ്ങാനാകാതെ പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും വലയുന്നു. വീടുകളിലും മറ്റും താമസിക്കാൻ സൗകര്യമില്ലാത്തവരും രോഗം ഉണ്ടെങ്കിൽ മറ്റ് കുടുംബാംഗങ്ങളിലേക്കും പകരാതിരിക്കാനുമായാണ് പലരും പെയ്ഡ് നിരീക്ഷണ കേന്ദ്രം തെരഞ്ഞെടുക്കുന്നത്.
കെ.ടി.ഡി.സി ഹോട്ടൽ അടക്കം 1,200 മുതൽ 2,400 രൂപ നിരക്കിലാണ് ഭക്ഷണത്തിനും താമസത്തിനുമായി ഒരു ദിവസത്തേക്ക് ഈടാക്കുന്നത്. ജൂണിലാണ് ഇത്തരം പെയ്ഡ് ഹോട്ടൽ സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് ഇറക്കിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നവർക്ക് പെയ്ഡ് ഹോട്ടലുകളുടെ നിരക്കുള്ള ചാർട്ട് നൽകും. വലിയ നിരക്ക് കണ്ട് വീട്ടിൽ അസൗകര്യമുള്ളവർ വരെ വീട്ടിൽ തന്നെ നിരീക്ഷണത്തിലിരിക്കാൻ നിർബന്ധിതരാവുകയാണ്. നേരത്തെ സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപന നിരീക്ഷണ കേന്ദ്രം ഉണ്ടായിരുന്നു. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥാപന നിരീക്ഷണ കേന്ദ്രങ്ങൾക്കായി പണം ചെലവിടാൻ സർക്കാർ അനുമതിയില്ല. പണം ഇല്ലാത്തതിനാൽ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പോകാൻ കഴിയാത്തവർക്കും ഒപ്പം വീട്ടിൽ അസൗകര്യമുള്ളവർക്കും തദ്ദേശ സ്ഥാപനം സ്വന്തം കെട്ടിടങ്ങളിൽ നിരീക്ഷണ കേന്ദ്രം ഒരുക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീട്ടുകാർ തന്നെയാണ് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും നൽകേണ്ടത്.
ഒറ്റ ദിവസം ഈടാക്കുന്നത് 2,500 രൂപ
ദിവസം 2,500 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകൾ വരെ ജില്ലയിൽ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളായുള്ളത്. 2,500 രൂപ നിരക്കിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ജോലിയും കൂലിയുമില്ലാതെ നാട്ടിലേക്കെത്തുന്ന പ്രവാസിക്ക് ചെലവാകുക 35,000 രൂപയാണ്. 2,000 മുതൽ 2,400 രൂപ വരെ എന്ന് കൃത്യമായി പറയാത്ത ഹോട്ടലുകളും കൂട്ടത്തിലുണ്ട്. 2,100, 2,050, അടക്കമുള്ള തുകകളാണ് ഹോട്ടലുകൾ ഈടാക്കുന്നത്.
ചെറിയ നിരക്കിലുള്ളത്
72 മുറികൾ മാത്രം
ഭക്ഷണമില്ലാതെ താമസത്തിന് മാത്രമായി 450, 500, 650 നിരക്കിൽ റൂം ഉണ്ടെങ്കിലും ഇവ കിട്ടാനില്ല. ഏറ്റവും കുറഞ്ഞ 4,50 രൂപ നിരക്കിൽ 14 ദിവസത്തിന് 6,300 രൂപയാണ് ചെലവ് വരിക. ജില്ലയിൽ 20 ഹോട്ടലുകളിലായി 417 പണം നൽകിയുള്ള നിരീക്ഷണ മുറികളാണ് ഹോട്ടലുകളിലും റിസോർട്ടുകളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 450, 500, 600 നിരക്കിലുള്ള മുറികൾ ഏറെ കുറവാണ്. ഇത്തരത്തിൽ 72 മുറികൾ മാത്രമാണുള്ളത്. പലതും കിട്ടാനില്ല.
കുറഞ്ഞ നിരക്കുള്ള
മുറികൾക്ക് കരാറായില്ല
കുറഞ്ഞ നിരക്കുള്ള ചില ഹോട്ടലുകളുമായി കരാർ പൂർത്തിയാക്കാത്തതിനാൽ മുറികൾ വിട്ടുകൊടുക്കാൻ ഇത്തരം ലോഡ്ജുകാർ തയ്യാറല്ല. മുറിയിൽ തങ്ങുന്നവരുടെ പരിപാലനം, മുറി ശുചീകരണം അടക്കം കാര്യങ്ങളിൽ കൃത്യമായ കരാർ ജില്ലാ ഭരണകൂടവും തമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.