തൃശൂർ : കൊവിഡ് രോഗികൾ ദിനം പ്രതി കൂടുമ്പോഴും ഔദ്യോഗിക കണക്ക് പുറത്ത് വരുന്നത് രണ്ടോ മൂന്നോ ദിവസം വൈകിയെന്ന് ആക്ഷേപം. ഇത് സെക്കൻഡറി സമ്പർക്കത്തിലുള്ളവരെ ഉൾപ്പെടെ പരിഭ്രാന്തിയിലാക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനാൽ താന്ന്യം പഞ്ചായത്തിലുൾപ്പെടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെ മാറ്റുന്നതിലും കാലതാമസമുണ്ടായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
എല്ലാ ദിവസവും ജില്ലയിൽ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകളാണ് സംസ്ഥാന ആരോഗ്യ വിഭാഗത്തിന് കൈമാറുന്നത്. ഇത് പ്രകാരമാണ് വൈകീട്ട് മുഖ്യമന്ത്രി കൊവിഡ് രോഗികളുടെ എണ്ണം പറയുന്നത്. എന്നാൽ പിന്നീട് സ്ഥിരീകരിക്കുന്ന കണക്കുകൾ പിറ്റേന്ന് വൈകീട്ടാണ് പുറത്ത് വരുന്നത്. പലപ്പോഴും വാട്സ് ആപ് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിവരം പരക്കുന്നുണ്ടെങ്കിലും പലതും വിശ്വാസയോഗ്യമല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്.
ഇതിനിടയിൽ പലയിടങ്ങളിലും രോഗം ബാധിക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നുണ്ടെങ്കിലും താന്ന്യം പഞ്ചായത്തിലുൾപ്പെടെ ചിലയിടങ്ങളിൽ പ്രാഥമിക സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ടെന്നാണ് ആക്ഷേപമുയരുന്നത്. അതുപോലെ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് വടക്കാഞ്ചേരി തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും സർക്കാർ കണക്കിൽ ഉൾപ്പെടുത്തിയത് ഇന്നലെ വൈകീട്ടാണ്.
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്കും ശക്തൻ മാർക്കറ്റിൽ ചുമട്ടുതൊഴിലാളിക്കും കടയുടമയ്ക്കും അടക്കം 8 പേർക്ക് രോഗം കണ്ടെത്തിയതും വ്യാഴാഴ്ചയാണ്. ശക്തൻ മാർക്കറ്റിൽ 349 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിലാണ് 8 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർക്കെല്ലാം തന്നെ വിപുലമായ സമ്പർക്ക പട്ടികയുമുണ്ട്. ഇവരിൽ പലരും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ നിരീക്ഷണത്തിൽ പോകാത്തത് പ്രശ്നം വഷളാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇന്നലെ 400 പേർക്ക് കൂടി ആന്റിജൻ പരിശോധന നടത്തി. ജില്ലയുടെ പല ഭാഗങ്ങളിലും ആന്റിജൻ പരിശോധന കൂടിയതോടെ രോഗികളുടെ എണ്ണം കൂടുകയാണ്. നിലവിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം കുറയുകയും സമ്പർക്കത്തിലൂടെ രോഗം കൂടുതൽ പേരിലേക്ക് എത്തുകയുമാണ്.