പാവറട്ടി: മഴവെള്ളം മുല്ലശ്ശേരിയിൽ ഗതാഗതം മുടക്കി. രണ്ടു ദിവസത്തെ തോരാമഴയിൽ ജലസംഭരണിയായി മാറിയ മുല്ലശ്ശേരി നല്ല ഇടയന്റെ ദൈവാലയത്തിന്റ മുൻവശത്തെ കാഞ്ഞാണി ചാവക്കാട് റോഡിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ മുതൽ ഇത് വഴി വന്ന പല വാഹനങ്ങളും വെള്ളക്കെട്ടിൽ കുടുങ്ങി. വലിയ വാഹനങ്ങളുടെ സഞ്ചാരം തീർത്ത ഓളങ്ങളിൽ പ്പെട്ട് ബൈക്കുകളും സൈക്കിളുകളും മറിഞ്ഞു വീണു. വിവരമറിഞ്ഞെത്തിയ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നിയും മുല്ലശ്ശേരിയിലെ ഔട്ടോഡ്രൈവർമാരും ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കി. മോട്ടോർ വാടകക്കെടുത്ത് റോഡിൽ നിന്നും വെള്ളം പമ്പ് ചെയ്തു പള്ളിമുറ്റത്തെ ചാലിലൂടെ തോരണം കുത്തി ആൽ ഭാഗത്തേയ്ക്ക് ഒഴുക്കി വിട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവർത്തനത്തിന് മുല്ലശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാരായ പി.വി. മണി, എം.ജി. രജീഷ്, ഷൈജൻ ചെത്തിക്കാട്ടിൽ, ടി.വി. സുമേഷ്, ഇ.ഡി. ഇഗ്‌നേഷ്യസ് എന്നിവർ പങ്കെടുത്തു.

........................

പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി മുല്ലശ്ശേരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പി.ഡബ്ല്യു.ഡി വലപ്പാട് സബ് ഡിവിഷൻ അസി.എൻജിനിയറെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

- എ.പി.ബെന്നി (മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്)

....................

വെള്ളക്കെട്ടിന് കാരണം

അമൃതം കുടിവെള്ളപദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത മണ്ണുവീണ് പള്ളിമുറ്റത്തിലൂടെയുള്ള ചാലിന്റെ മുഖം അടഞ്ഞു പോയതും മുൻപ് ഗുഡ്‌ഷെപ്പേഡ് സ്‌കൂളിന്റെ തെക്കു ഭാഗത്തു കൂടി പടിഞ്ഞാറോട്ടുണ്ടായിരുന്ന ചാൽ തൂർത്തതുമാണ് വെള്ളക്കെട്ടിന് കാരണം. പള്ളിയുടെ മുൻവശത്തുനിന്ന് വടക്കോട്ടും തെക്കോട്ടും റോഡിനു കാനയില്ലാത്തതും ഒരു കാരണമാണ്.