kseb

ചിറയിൻകീഴ്: ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്‌ഷൻ പരിധിയിൽ 33 കെ.വി സബ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. വോൾട്ടേജ് ക്ഷാമവും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതും ഇവിടെ പതിവാണ്.

സെക്‌ഷൻ ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന നൂറുക്കണക്കിന് വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ജനസേവന കേന്ദ്രങ്ങളെയും ഓൺലൈൻ വിദ്യാർത്ഥികളെയും അടിക്കടി കറണ്ട് പോകുന്നത് സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ ചിറയിൻകീഴിൽ വൈദ്യുതി എത്തിക്കുന്നത് ആറ്റിങ്ങൽ അവനവഞ്ചേരി 110 കെ.വി സബ് സ്റ്റേഷൻ, കടയ്ക്കാവൂർ സെക്‌ഷനിലെ 33 കെ.വി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ്. വൈദ്യുതി എത്തിക്കുന്നതിലെ ദൂര കൂടുതലും വോൾട്ടേജിനെ സാരമായി ബാധിക്കാറുണ്ട്. കൂടാതെ അവനവഞ്ചേരിയിലോ, കടയ്ക്കാവൂരിലോ വൈദ്യുതി തടസമുണ്ടായാൽ അത് ചിറയിൻകീഴ് സെക്‌ഷന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കും.

സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥലപരിമിതിയാണ് അധികൃതർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്ഥലം ലഭ്യമല്ലെങ്കിൽ സമീപത്തെ മറ്റ് പഞ്ചായത്തുകളിൽ സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന വാദം ശക്തമാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള നൈനാംകോണത്തെ പൗൾട്രി ഡെവലപ്മെന്റിന് വേണ്ടി കണ്ടെത്തിയിരുന്ന അമ്പത് സെന്റ് ഭൂമി സബ്സ്റ്റേഷനുവേണ്ടി വിട്ട് കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു ശ്രമം നടത്തിയെങ്കിലും അത് ഇതുവരെ ഫലപ്രാപ്തിയിലെത്തിയില്ല. ചിറയിൻകീഴ് സെക്‌ഷൻ ഓഫീസിന് കൂടി പ്രയോജനം ലഭിക്കത്തക്കവിധത്തിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ വെയിലൂരിൽ 110 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഒരു കാലത്ത് ഊർജിതമായിരുന്നെങ്കിലും പിന്നീട് വിവിധ കാരണങ്ങളാൽ ആ പദ്ധതിയും വെളിച്ചം കാണാതെ പോയി.

മാസങ്ങൾക്ക് മുൻപ് ആറ്റിങ്ങൽ, അവനവഞ്ചേരി, മംഗലപുരം എന്നീ സെക്‌ഷനുകളിലെ രണ്ടായിരത്തോളം ഉപഭോക്താക്കളെ ചിറയിൻകീഴ് സെക്‌ഷനിലേക്ക് മാറ്റിയിരുന്നു. ഇതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണം വ‌ർദ്ധിപ്പിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം പരിഹരിക്കുന്നതിൽ പലപ്പോഴും കാലതാമസവും ഉണ്ടാകാറുണ്ട്. ചിറയിൻകീഴ്, അഴൂർ, കിഴുവിലം, മുദാക്കൽ എന്നീ പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചില വാർഡുകളുമാണ് ഈ സെക്ഷനു കീഴിലുള്ളത്.