azhamkonam-kavalayoor-roa
ആഴാംകോണം - കവലയൂർ റോഡിലെ വെള്ളക്കെട്ട്

കല്ലമ്പലം: ആഴാംകോണം - കവലയൂർ റോഡിൽ മണമ്പൂർ ഗവ.യു.പി സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമില്ല. പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടാണ് വില്ലനാകുന്നത്. പലതവണ റോഡ്‌ നവീകരണം നടന്നെങ്കിലും വെള്ളം ഒലിച്ചുപോകാൻ ഓട നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ റോഡ്‌ നിർമ്മാണം വെള്ളക്കെട്ടിന് കാരണമായി. റോഡിൽ ഹമ്പ് നിർമ്മിച്ചിട്ടുള്ളതിനാൽ ഇരുവശത്തായാണ് വെള്ളക്കെട്ടുള്ളത്. ശക്തമായ മഴയത്ത് ഹമ്പ് കാണാനാകാത്ത രീതിയിൽ വെള്ളം നിറയും. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. ചെറിയ മഴയിൽ പോലും റോഡിന്റെ പൊക്കമുള്ള ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കെട്ടിനിന്ന് വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുന്നു. ഇങ്ങനെ ഒഴുകിയെത്തുന്ന ചെളിവെള്ളം വീട്ടുകാർ കോരിമാറ്റേണ്ട സ്ഥിതിയാണ്. സ്കൂൾ പ്രവർത്തി ദിവസങ്ങളിലാണെങ്കിൽ കുട്ടികളും അധ്യാപകരും വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിലെത്തുന്നത്. കാൽനടക്കാരായ പ്രദേശവാസികളും ഇതുവഴി സഞ്ചരിക്കാൻ പാടുപെടുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിച്ച് യാത്രക്കാരുടെ ദേഹത്ത് വീഴുന്നതും പതിവ് കാഴ്ചയാണ്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ്‌ ആയതിനാൽ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ജന സാന്ദ്രതയേറിയ മേഖലയിലൂടെയാണ് റോഡ്‌ കടന്നുപോകുന്നത്. പ്രധാനപ്പെട്ട റോഡായിട്ടും അധികൃതർ റോഡിനെ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു

വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക്

പരിസരത്തെ വീടുകളിലേക്കും ചെളിവെള്ളം ഒഴുകിയെത്തുന്നു

ഇതുവഴി കാൽനടയാത്ര ദുസഹം

റോഡിനെ ആശ്രയിച്ച്

മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ, ഗവ.ആശുപത്രി, ബാങ്കുകൾ, ചന്ത എന്നിവിടങ്ങളിലേക്ക് പോകാൻ ജനം കൂടുതൽ ആശ്രയിക്കുന്നത് ഈ റോഡാണ്. വെള്ളക്കെട്ടിന് അടിയന്തരമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കാൻ വേണ്ടി പലതവണ പി.ഡബ്ല്യൂ.ഡി ഓഫീസിൽ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. വിഷയം അഡ്വ.ബി സത്യൻ എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

സുരേഷ് കുമാർ

മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

റോഡിലെ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിലെ റോഡിന്റെ അവസ്ഥയും ഭൂഘടനയും വച്ചു നോക്കുമ്പോൾ വെള്ളക്കെട്ടിന് വളരെ എളുപ്പം പരിഹാരം കാണുക അസാദ്ധ്യമാണ്. വിദഗ്ദ്ധരുമായി ആലോചിച്ച് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും.

അഡ്വ. ബി. സത്യൻ എം.എൽ.എ