ps

കാട്ടാക്കട: രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് പലപ്പോഴും സ്റ്റേഷനിലെ അന്തരീക്ഷം മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ ആവശ്യങ്ങൾ കഴിയുന്നതുവരെ ചൈൽഡ് ഫ്രണ്ട്ലി ഏരിയയിൽ വിശ്രമിക്കാം. സ്റ്റേഷന് സമീപം നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ കാർട്ടൂൺ ചിത്രം, ടി.വി, വിവിധ തരം കളിക്കോപ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനേക്കാളുപരി ഓൺലൈൻ പഠന സൗകര്യം തീരെയില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് പഠന സൗകര്യമൊരുക്കുന്നതിനും സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി ഏരിയ ഉപയോഗപ്പെടുത്താനാകുമെന്ന് എസ്.എച്ച്.ഒ ഡി.ബിജുകുമാർ അറിയിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഡി.ജി.പി ലോക്നാഥ് ബഹ്റ വീഡിയോ കോൺഫറൻസിംഗിലൂടെ ചൈൽഡ് ഫ്രണ്ട്ലി ഏരിയയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരായ വിജയൻ, മനോജ് എബ്രഹാം, അശോകൻ, ആർഷിദ, സഞ്ജയ് എന്നിവരും പങ്കെടുത്തു. കാട്ടാക്കട ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി.ബിജുകുമാർ, സബ് ഇൻസ്‌പെക്ടർ ഗംഗ പ്രസാദ് ഉൾപ്പടെ ജില്ലയിലെ ആറു പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഓൺലൈൻ ഉദ്ഘടനത്തിൽ പങ്കാളികളായി.