ആറ്റിങ്ങൽ: സംസാരിച്ച് നിൽക്കെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടും. വായപോലും തുറക്കാനാകില്ല. ചിലപ്പോൾ ശരീരമാകെ നീരുവരും. ദിവസവും നാല് ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കണം. ഇതാണ് ആറ്റിങ്ങൽ അയിലം വാസുദേവപുരം ചരുവിള പുത്തൻവീട്ടിൽ അഖിലിന്റെ (28) അവസ്ഥ. പാൻക്രിയാസും വൃക്കയും തകരാറിലായ ഈ യുവാവ് 20 വർഷമായി യാതന അനുഭവിക്കുന്നു. അടിയന്തര അവയവമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മ ഗീത വൃക്ക നൽകാൻ തയ്യാറാണ്. പാൻക്രിയാസും ലഭ്യമാണ്. എന്നാൽ ചികിത്സാ ചെലവായ 25 ലക്ഷം രൂപ എങ്ങനെ സംഘടിപ്പിക്കുമെന്ന ചോദ്യത്തിന് മുന്നിൽ കൂലപ്പണിക്കാരനായ അച്ഛൻ അനിൽ നിസഹായനാവുകയാണ്.
രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കൈയ്യൊടിഞ്ഞതാണ് തുടക്കം. ഇതിനിടെ കടുത്ത പനി ബാധിച്ചു. എസ്.എ.ടിയിലും ശ്രീചിത്രയിലും നടന്ന ചികിത്സയ്ക്കിടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടി. അന്ന് മുതൽ മരുന്ന് കഴിച്ചുതുടങ്ങിയതാണ്. അത് ഇൻസുലിൻ ഇഞ്ചക്ഷനായി മാറി. പ്ളസ് ടുവിന് ചേർന്നെങ്കിലും അസുഖം കാരണം പഠനം നിറുത്തി. പിന്നീട് വയറിംഗ് ജോലിക്ക് സഹായിയായി ചേർന്നു. ഒന്നരവർഷം മുമ്പ് വിധി വീണ്ടും കൈവിട്ടു. ശരീരം മുഴുവൻ നീരും വേദനയുമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയും പാൻക്രിയാസും തകരാറിലാണെന്ന് കണ്ടെത്തി. പിന്നീട് ചികിത്സ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ഇവർ ആകെ തകർന്നു.
പരിശോധനയിൽ അമ്മയുടെ വൃക്ക അഖിന് ചേരും. എന്നാൽ ശസ്ത്രക്രിയക്ക് 22 ലക്ഷവും തുടർചികിത്സയ്ക്ക് 3 ലക്ഷവും ചെലവ് വരുമെന്നാണ് അതികൃതർ പറയുന്നത്. സുമനസുകളുടെ കനിവിലാണ് നിലവിൽ ചികിത്സ നടക്കുന്നത്. മൂന്ന് മാസം മുൻപ് വിദേശത്ത് ജോലി തേടിപ്പോയ അനുജൻ ജിതിനും കൊവിഡ് പ്രതിസന്ധി തിരിച്ചടിയായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അഖിലിന്റെ കുടുംബം. സുമനസുകളുടെ കനിവ് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
ചികിത്സയ്ക്കായി അവനവഞ്ചേരി ആനൂപ്പാറ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഗീതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 078001000018074, ഐ.എഫ്.എസ്.സി കോഡ് : ഐ.ഒ.ബി.എ 0000780. ഫോൺ: 9605672062