കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുൾപ്പെട്ട കോട്ടാമല - ഈരാണിമുക്ക് റോഡ് തകർന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വാട്ടർ അതോറിട്ടി ജീവനക്കാർ റോഡ് കുഴിച്ചതിന് ശേഷം പൂർവ സ്ഥിതിയിലാക്കാതിരുന്നതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണാക്ഷേപം. മുന്നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർഗതി. സ്കൂൾ ബസുകളടക്കം നൂറു കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. ധാരാളം കിടപ്പു രോഗികളും വൃദ്ധ ജനങ്ങളും താമസിക്കുന്ന പ്രദേശത്തെ ഏക റോഡിൽ കുഴി മൂലം വാഹനങ്ങൾ വരാൻ മടിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പോങ്ങനാട്, വെള്ളല്ലൂർ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. കാൽനട യാത്രപോലും ദുഷ്കരമായ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.