b

കടയ്ക്കാവൂർ: നെടുങ്ങണ്ട - പൊന്നും തുരുത്ത് റോഡിന്റെ വശം പുറമേ കാണാനാകാത്ത രീതിയിൽ ഇടിഞ്ഞ് അപകടാവസ്ഥയിലായത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. വർക്കല തോടിന്റെ കിഴക്കേകര വഴി പൊന്നുംതുരുത്തിലേക്ക് പോകുന്ന റോഡിൽ പുതിയ പാലത്തിന് സമീപമാണ് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് അടിഭാഗം ഇടിഞ്ഞിരിക്കുന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇവിടം ഇടിഞ്ഞിരിക്കയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാനാകില്ല. ഭാരം കയറ്റിയ വാഹനങ്ങളുടെ ടയർ കയറിയാൽ റോഡ് ഇടിഞ്ഞ് വാഹനങ്ങൾ മുപ്പതടിയോളം താഴ്ചയുളള വർക്കല തോട്ടിലേക്ക് മറിയും. ഇത് ആളപായമുണ്ടാകാനും സാമ്പത്തികനഷ്ടത്തിനും ഇടവരുത്തിയേക്കും. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ അധീനതയിലുളള ഭൂമിയിലൂടെ കടന്നുപോകുന്ന ഈ റോഡ് അഞ്ചുതെങ്ങ് പഞ്ചായത്ത് വകയാണ്. പൊന്നും തുരുത്തിലേക്കുളള വിനോദ സഞ്ചാരികളുടേത് ഉൾപ്പെടെ അനവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന റോഡായതിനാൽ അപകടമുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അശാസ്ത്രീയമായ ഒാട നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണമുണ്ട്. പ്ളാവഴികം ഭാഗത്തുനിന്ന് ഓടയിൽ കൂടി ഒഴുകിവരുന്ന വെള്ളം പുതിയപാലത്തിന് സമീപം റോഡിൽ കൂടി ഒഴുകുന്നതാണ് റോഡ് ഇടിയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.