വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ പ്രദേശങ്ങൾ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് അടുത്തിടെ സ്ഥാപിച്ച തെരുവു വിളക്കുകളാണ് മാസങ്ങൾ പിന്നിട്ടപ്പോൾ കത്താതായത്. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പഞ്ചായത്തുകളിലെ 33 വാർഡുകളിലായി ലക്ഷങ്ങൾ വിനിയോഗിച്ചാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ മിക്ക ഭാഗത്തേയും ലൈറ്റുകൾ കേടായതായി നാട്ടുകാർ പറയുന്നു. കൂടാതെ നേരത്തെയുണ്ടായിരുന്ന സി.എഫ്.എൽ ലൈറ്റുകളും കേടായതോടെ മിക്ക ജംഗ്ഷനുകളും ഇരുട്ടിന്റെ പിടിയിലാണ്. കേടായ സ്ട്രീറ്റ് ലൈറ്റുകൾ തെളിയിക്കാൻ നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വ്യാപാരിവ്യവസായികൾ.

ജംഗ്ഷനുകൾ ഇരുട്ടിൽ

തെരുവ് വിളക്കുകൾ കത്താതായതോടെ നെടുമങ്ങാട് - വിതുര റോഡിലെ പ്രമുഖ ജംഗ്ഷനുകളൊക്ക ഇരുട്ടിന്റെ പിടിയിലാണ്. പൊൻമുടി സംസ്ഥാന പാതയിലെ അവസ്ഥയും വിഭിന്നമല്ല. രാത്രി റോഡിലൂടെ ചൂട്ടും കത്തിച്ച് നടക്കേണ്ട സ്ഥിതിയാണ് നലവിൽ.

ഹൈമാസ്റ്റും മിഴിയടച്ചു

എം.പി.ഫണ്ടും, എം.എൽ.എ ഫണ്ടും വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും മിക്ക ഭാഗത്തും കത്താത്ത അവസ്ഥയിലാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചേന്നൻപാറ ജംഗ്ഷനിലും ചായം ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി.

മോഷണം പതിവ്

തെരുവ് വിളക്കുകൾ പ്രകാശിക്കാതെയായതോടെ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിൽ മോഷണവും പതിവായിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലുമായി നിരവധി വീടുകളിൽ നിന്നും സ്വർണവും പണവും മോഷണം പോയിരുന്നു. എസ്റ്റേറ്റുകളിൽ നിന്നും റബർഷീറ്റ്, ഒട്ടുപാൽ എന്നിവയും കാർഷികവിളകളും മോഷണം പോയിരുന്നു.

കൂട്ടിന് തെരുവുനായയും

രാത്രി ജംഗ്ഷനുകൾ തെരുവുനായ്ക്കൾ കീഴടക്കുന്ന സ്ഥിതിയാണ്. ഇരുളിൽ നിന്നും വഴിയിലേക്ക് എടുത്തുചാടുന്ന നായ്ക്കൾ നാട്ടുകാരുടെ പേടിസ്വപ്നമാണ്. ജംഗ്ഷനുകളിൽ രാത്രികാലങ്ങളിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോയ നിരവധി പേരെയാണ് നായ്ക്കൾ ആക്രമിച്ചത്.

തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ തെരുവ് വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഒാഫീസ് പടിക്കലും ഇലക്ട്രിസിറ്റി ഒാഫീസ് പടിക്കലും സമരം നടത്തും.

- എൻ.എസ്.ഹാഷിം

കോൺഗ്രസ്,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ്