വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിലെ കുപ്രസിദ്ധമായ ഗതാഗതകുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. ഇടുങ്ങിയ ജംഗ്ഷനിൽ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാത്തതാണ് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്. ഇത് കാരണം ഓട നിർമ്മാണം അനിശ്ചിതമായി നീളുന്നു. പുല്ലമ്പാറ റോഡും ആറ്റിങ്ങൽ റോഡും സംസ്ഥാന പാതയും സന്ധിക്കുന്ന വെഞ്ഞാറമൂട് ജംഗ്ഷനിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് നിത്യസംഭവമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ടി.പിയുടെ ആഭിമുഖ്യത്തിൽ കൈയേറ്റങ്ങളും പുറമ്പോക്ക് ഭൂമിയും ഒഴിപ്പിച്ചാണ് തൈക്കാട് മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡ് വികസനം നടപ്പിലാക്കുന്നത്. ടൗണിന്റെ മുന്നൂറ്റി അൻപതോളം മീറ്റർ ഒഴികെ മറ്റിടങ്ങളിലൊക്കെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്തും കൈയേറ്റ ഭൂമി ഒഴിപ്പിച്ചും റോഡ് വീതി കൂട്ടി ഓടയും നിർമ്മിച്ചു. എന്നാൽ ടൗൺ ഭാഗമെത്തിയപ്പോൾ വികസനം പല കാരണങ്ങളാൽ തടസപ്പെടുകയായിരുന്നു. ടൗൺ കഴിഞ്ഞാൽ സംസ്ഥാന പാതയുടെ ഇരു ഭാഗങ്ങളിലും ആറ് വരി പാതയുടെ വീതി ഉണ്ടെങ്കിലും ടൗണിലെത്തുമ്പോൾ ഇത് വെറും പത്ത് മീറ്ററായി ചുരുങ്ങിയ അവസ്ഥയിലാണ്. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത് ടൗണിലാണ്. അതിനാൽ തന്നെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഗതാഗതകുരുക്ക് രൂക്ഷമാകും. രണ്ടാംഘട്ട റോഡ് വികസനത്തിനായി പുറമ്പോക്ക് ഭൂമിയും കൈയേറ്റ ഭൂമിയും അളന്ന് തിട്ടപ്പെടുത്തിയിട്ട് മൂന്ന് വർഷത്തോളം ആയെങ്കിലും ഇവ ഇനിയും ഏറ്റെടുത്തിട്ടില്ല. അളന്ന് തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി അടിയന്തരമായി ഏറ്റെടുത്ത് ഓട നിർമ്മാണം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.