kovalam

കോവളം: വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർക്കായി കോവളത്ത് കോടികൾ മുടക്കി തയ്യാറാക്കിയ സൈലന്റ് വാലി കാടുകയറി നശിക്കുന്നു. കോവളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് സൂര്യസ്നാനം നടത്താനും കടൽക്കാഴ്ചകൾ കാണാനും തയാറാക്കിയ നിശബ്ദ താഴ്വരയാണ് കൊവിഡ് 19നെ തുടർന്ന് കാടുകയറിയത്. 2015ൽ നാലു കോടിയിലധികം രൂപ വിനിയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ടര വർഷത്തോളം കെട്ടിടം പൂട്ടിയിട്ടിരുന്നു. യു ഡി.എഫ് സർക്കാരിന്റെ കാലത്ത് കെട്ടിടം തുറന്നു കൊടുത്തെങ്കിലും ഒരു വർഷം പോലും പ്രവർത്തിച്ചില്ല. തുടർന്ന് അഞ്ച് മാസം മുമ്പാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻകൈയെടുത്ത് കെട്ടിടം പുതുക്കിപ്പണിത് വീണ്ടും ഉദ്ഘാടനം ചെയ്തത്. എന്നാൽ അധികം താമസിയാതെ ലോക്ക് ഡൗണും തുടർന്നുള്ള സാഹചര്യവും കാരണം മന്ദിരം ലോക്കാകുകയായിരുന്നു. കോവളത്തെ സർക്കാർ അതിഥി മന്ദിരത്തിനോടു ചേർന്ന് ടൂറിസം ഇൻഫർമേഷൻ ഓഫിസിനു പിന്നിലുള്ള സ്ഥലത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നിശബ്ദ താഴ്വര തയാറാക്കിയത്. മൂന്നുവശവും കുന്നുകളാൽ ചുറ്റപ്പെട്ട സ്ഥലത്ത് വലിയ മരങ്ങളുടെ തണലും തണുപ്പുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. രാജഭരണ കാലത്ത് കോവളത്തെ വേനൽക്കാല വസതിയിൽ എത്തിയിരുന്ന തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന കുളിക്കടവും കിണറും ഇപ്പോഴും ഇവിടുണ്ട്.

മറ്റു പ്രത്യേകതകൾ
പ്രത്യേക ഇരിപ്പിടങ്ങൾ,​ ഷവർ ബ്ലോക്കുകൾ,​ കോഫിബാർ,​ ലൈബ്രറി,​ ഉദ്യാനം,​ റിസപ്ഷൻ ബ്ലോക്ക്,​ സെക്യൂരിറ്റി കാബിൻ,​ തീരത്തേക്കുള്ള നടപ്പാത,​ പുൽത്തകിടി,​ വർണവിളക്കുകൾ.

 2015ൽ കെട്ടിടം നവീകരിച്ചു.

 കെട്ടിടം നവീകരിക്കാൻ ചെലവഴിച്ചത് 4 കോടി

 നവീകരണം കഴിഞ്ഞിട്ടും സൈലന്റ് വാലി രണ്ടര വർഷം പൂട്ടിക്കിടന്നു

 2020ൽ കെട്ടിടം വീണ്ടും നവീകരിച്ചു

 നിലവിൽ ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിയ കെട്ടിടം കാടുകയറിയ അവസ്ഥയിലാണ്