കടയ്ക്കാവൂർ: ശ്രീനാരായണ ഗുരുദേവനെയും കുമാരനാശാനെയും കേന്ദ്രസർക്കാർ വിസ്മരിക്കുന്നതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. ശിവഗിരി തീർത്ഥാടന സർക്യൂട്ട് പ്രോജക്ടിൽ ഗുരുദേവനെയും ഗുരുദേവന്റെ പ്രധാന ശിഷ്യനായ മഹാകവി കുമാരനാശാന്റെ ജന്മ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കായിക്കര ആശാൻ സ്മാരകത്തെയും, കർമ്മ ഭൂമിയായ തോന്നയ്ക്കൽ ആശാൻ സ്മാരകത്തെയും ഉൾപ്പെടുത്തേണ്ടതാണെന്ന് മന്ത്രി കടകംപള്ളി ആവശ്യപ്പെട്ടു. ടൂറിസം വകുപ്പ് മൂന്ന് കോടി രൂപ ചെലവഴിച്ച് കായിക്കര ആശാൻസ്മാരകത്തിൽ നടപ്പാക്കുന്ന കാവ്യഗ്രാമ പദ്ധതിയുടെ അവസാനഘട്ട ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച പ്രോജക്റ്റിൽ ഈ രണ്ടു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്. ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു കേന്ദ്രസർക്കാർ. സംസ്ഥാനത്ത് ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വീണ്ടും നടപ്പിലാക്കും എന്ന് കേന്ദ്രസർക്കാർ പറയുന്ന പദ്ധതിയിൽ, സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതിയിലെ മുഴുവൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ എന്നിവർ സംസാരിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി വി. ലൈജു സ്വാഗതവും, ട്രഷറർ ഡോ.ബി. ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു.