ചിറയിൻകീഴ്: അഴൂർ വില്ലേജ് ഓഫീസിന് പറയാനുള്ളത് അവഗണനയുടെ കഥയാണ്. അത്രയ്ക്ക് ദയനീയമാണ് ഇവിടത്തെ അവസ്ഥ. കുടിവെള്ളം ഇവിടെ കിട്ടാക്കനിയാണ്. വില്ലേജ് ഓഫീസിനോട് ചേർന്ന് ഒരു കിണർ ഉണ്ടെങ്കിലും പാഴ്ച്ചെടികൾ വളർന്ന് മലിനമായതിനാൽ ഈ കിണറ്റിലെ വെള്ളം വർഷങ്ങളായി ഉപയോഗിക്കാറില്ല. അയൽപക്കത്തെ വീട്ടിൽ നിന്നാണ് ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്. സമീപത്തെ റോഡിൽക്കൂടി വാട്ടർ കണക്‌ഷൻ കടന്നുപോകുന്നുവെങ്കിലും ഇവിടെ പൈപ്പ് കണക്‌ഷൻ വേണമെന്ന ജീവനക്കാരുടെ ആവശ്യം അധികൃതർ കേട്ടമട്ടില്ല. കിണർ വൃത്തിയാക്കി മോട്ടോറും വാട്ടർ ടാങ്കും സ്ഥാപിച്ച് കുടിവെള്ളത്തിന് സ്ഥിര സംവിധാനമൊരുക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ഇവിടെത്തെ ടൊയ്‌ലെറ്റിന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ക്ലോസറ്റ് അടക്കം പൊട്ടിപ്പൊളിഞ്ഞ് നശിച്ചു. വനിതാ ജീവനക്കാർക്ക് സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.
സ്ഥലപരിമിതിയാണ് മറ്റൊരു പ്രധാന പ്രശ്നം. വില്ലേജ് ഓഫീസറുടെ മുറി പ്രത്യേകം നിർമിച്ചതാണ് ഏക ആശ്വാസം. റെക്കാഡ് മുറിയും മുൻ കാലത്തെ വില്ലേജ് ഓഫീസറുടെ മുറിയും കഴിഞ്ഞാൽ പിന്നെയുള്ള ഒരു മുറിയിലാണ് വില്ലേജ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത്. ഒരു എൽ.ഡി ക്ലാർക്ക്, ഒരു യു.ഡി ക്ലാർക്ക് രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ ജോലി ചെയ്യുന്ന ഈ മുറിയിൽ അഞ്ചിലധികം പേർ വന്നാൽ തന്നെ നിന്ന് തിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. മുൻ കാലത്തെ വില്ലേജ് ഓഫീസറുടെ മുറിയും ഇപ്പോഴത്തെ പ്രാധാന ഓഫീസ് മുറിയും കണക്റ്റ് ചെയ്ത് വലിയ ഹാൾ ആക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള വയറിംഗ് ആയതിനാൽ ലൈറ്റ് ഇട്ടാൽ ഷോക്കടിക്കുന്ന പരുവത്തിലാണ് പല സ്വിച്ചുകളും.
മച്ചിന് പൊക്കം കുറച്ച് ചരിച്ച് വാർത്തിരിക്കുന്ന നിർമാണ രീതിയാണ് ഈ മന്ദിരത്തിനുള്ളത്. ഇതുകാരണം വേനൽക്കാലങ്ങളിൽ വൈദ്യുതി തടസമുണ്ടായാൽ മുറിക്കകത്തിരിക്കുക അസാദ്ധ്യമാണ്. ഫാനിന്റെ അഭാവം ജീവനക്കാരെ പെടാപ്പാട് പെടുത്തുന്നത്. പോരാത്തതിന് കറണ്ട് പോക്ക് ഇവിടെത്തെ പതിവ് സംഭവവുമാണ്. ജനറേറ്റർ വേണമെന്ന ആവശ്യവും ശക്തമാണ്.