ചിറയിൻകീഴ്: ആനത്തവട്ടത്ത് ദുബായിൽ നിന്നെത്തിയ യുവതിയുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗത്തെ അപകീർത്തിപ്പെടുത്തിയതായി പരാതി. ഇതുസംബന്ധിച്ച് വാർഡ് മെമ്പർ പ്രസന്ന ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. ഗൾഫിൽ നിന്ന് എത്തിയ ആശ ക്വാറന്റൈൻ സൗകര്യമില്ലാത്ത വീട്ടിലാണ് മകനും മാതാവ് തങ്കമണിക്കുമൊപ്പം താമസിക്കുന്നത്. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് പൊതുനിരത്തിൽ വരികയും പൊതുടാപ്പിൽ നിന്നു വെള്ളമെടുക്കുകയും ആശയുടെ വസ്ത്രങ്ങൾ പബ്ലിക് ടാപ്പിൽ നിന്നു വെള്ളമെടുത്ത് കഴുകുകയും തങ്കമണി ചെയ്യുമായിരുന്നു.
ഇവരുടെ വീട്ടിന് സമീപത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കുടുംബം കാൻസർ രോഗിയുടെ കുടുംബം ഉൾപ്പടെ നിരവധി കുടുംബങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ വാർഡ് മെമ്പറെയും ജനമൈത്രി പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഗ്രാമപഞ്ചായത്തംഗവും ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണും സ്ഥലത്തെത്തിയത്. തുടർന്ന് ഇവർ ആശയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതിനുശേഷം മറ്റാരുടെയോ പ്രേരണ മൂലമാണ് ആശ ഒരു വീഡിയോ തയ്യാറാക്കി നവ മാദ്ധ്യമങ്ങളിൽ ഗ്രാമപഞ്ചായത്തംഗത്തെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. രവീന്ദ്രനും അറിയിച്ചു.