മലയിൻകീഴ്: ഗ്രമങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി പരാതി. മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം കഞ്ചാവ് ഉപയോഗം രൂക്ഷമാകുന്നതായാണ് ലഭ്യമായ വിവരം. മാറനല്ലൂർ പഞ്ചായത്തിലെ പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോങ്ങുംമൂട് എന്നിവിടങ്ങളിലും ​ മലയിൻകീഴ് പഞ്ചായത്തിലെ കോട്ടമ്പൂര്, മച്ചേൽ, മണപ്പുറം, കുരുവിൻമുകൾ, മഠത്തിങ്ങൽക്കര, ചിറ്റിയൂർകോട്, കുരിയോട് എന്നിവിടങ്ങളിലും,​ വിളപ്പിൽ പഞ്ചായത്തിലെ പടവൻകോട്, വിളപ്പിൽശാല, പുളിയറക്കോണം എന്നിവിടങ്ങളിലും വിളവൂർക്കൽ പഞ്ചായത്തിലെ പാറപ്പൊറ്റ, വേങ്കൂർ, വിളവൂർക്കൽ, ചൂഴാറ്റുകോട്ട, പൊറ്റയിൽ, ഈഴക്കോട് പ്യടാരം, വാളിയോട്,​ പെരുകാവ് എന്നീ പ്രദേശങ്ങളിലുമാണ് കഞ്ചാവ് ഉപയോഗവും വില്പനയും വ്യാപകമായിട്ടുള്ളത്. വിളവൂർക്കൽ ഈഴക്കോട് ഭാഗത്ത് നിന്ന് 3.27 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ഇക്കഴിഞ്ഞ 16 ന് മലയിൻകീഴ് പൊലീസ് പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. വ്യാജ മദ്യത്തിന് കുപ്രസിദ്ധി നേടിയിരുന്ന മാറനല്ലൂരിലിപ്പോൾ കഞ്ചാവ് വിനിയോഗത്തിൽ ജില്ലയിൽ മുന്നിലാണെന്നാണ് അടുത്തിടെ എക്സൈസ് നടത്തിയ റെയിഡിൽ നിന്ന് വ്യക്തമാകുന്നത്. ലഹരി വില്പനയും ഉപയോഗവും വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധ ശല്യവും പഞ്ചായത്ത് പ്രദേശങ്ങളിലാകെ കൂടിയിട്ടുണ്ട്. യുവാക്കളും
വിദ്യാർത്ഥികളുമാണ് ലഹരി മാഫിയ സംഘത്തിന്റെ പ്രധാന ഇരകൾ. ഇടറോഡുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നത്. ഏജന്റുമാർ എത്തിക്കുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതാണ് കഞ്ചാവ് വില്പന സംഘത്തിന്റെ രീതി. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയതിന് നേരത്തെ വിദ്യാർത്ഥികളെ ഉൾപ്പെടെ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്പന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്നവർ വീണ്ടും സജീവമാകുന്നതാണ് കഞ്ചാവ് വില്പന വ്യാപകമാകാൻ പ്രധാന കാരണം. കൊവിഡ് വ്യാപനത്താൽ ഉണ്ടായ മദ്യത്തിന്റെ ലഭ്യതക്കുറവ് കാരണം ഇത്തരം ലഹരി വസ്തുക്കൾക്ക് ഡിമാന്റ് ഏറെയാണ്.

 മാറനല്ലൂരിൽ എസ്.ഐക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം വരെ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് ശേഖരത്തെ സംബന്ധിച്ച്
പൊലീസിന് വിവരം നൽകുന്നവർക്കെതിരെ പല പ്രാവശ്യം ആക്രമണവും
നടന്നിട്ടുണ്ട്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്ന വ്യക്തികളെ
ചുറ്റിപ്പറ്റിയാകും അധികൃതരുടെ നീക്കങ്ങൾ. എന്നാൽ പിടിക്കപ്പെടാതെ
സമൂഹത്തിൽ മാന്യതകാട്ടി കഴിയുന്ന നിരവധി പേർ ഗ്രാമപഞ്ചായത്തുകളിലുണ്ട്
നിശബ്ദ നീക്കങ്ങളാണ് ഇവരുടെത്. മുന്തിയ ഇനം
സിഗററ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പാക്കറ്റ് കണക്കിന്
എത്തിക്കുന്ന സംഘങ്ങളുമുണ്ട്.

 കോട്ടമ്പൂര്, വിളപ്പിൽശാല, നെടുങ്കുഴി, ഊരൂട്ടമ്പലം, കണ്ടല, പുന്നാവൂർ ഭാഗത്തുള്ള ചിലരുടെ ഒത്താശയോടെയാണ് ലഹരി വില്പന നടക്കുന്നതെന്ന് ആക്ഷേപമുണ്ട്

 ഇടനിലക്കാരില്ലാതെ ലഹരി മാഫിയ നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്

 നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ഗുണ്ടാ സംഘവുമാണ് വില്പന നടത്താറ്.

 ലഹരി വസ്തുക്കളുടെ ലഭ്യത സുലഭമായതിനാൽ ആവശ്യക്കാർ ഏറെയാണ്.