കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ ചിലരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ നീക്കമെന്നാരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതാക്കളും പ്രവർത്തകരും എ.ഇയെയും പഞ്ചായത്ത് സെക്രട്ടറിയെയും തടഞ്ഞുവച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളം 600 രൂപയാക്കുക, 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് യൂണിയൻ രണ്ട് ദിവസം മുമ്പ് സമരം നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി അസി. എൻജിനിയർ തിങ്കളാഴ്ച വൈകിട്ട് 4.50ന് നാവായിക്കുളം വാർഡിലെ ജോലിസ്ഥലം സന്ദർശിക്കുകയും മഴമൂലം തൊട്ടടുത്ത വീടിന്റെ വരാന്തയിൽ കയറിനിന്നിരുന്ന തൊഴിലാളികളുടെ ഹാജർ വെട്ടിക്കുറച്ചെന്നുമാണ് പരാതി. തൊട്ടടുത്ത ദിവസം കൺവീനർ മസ്റ്റർ റോൾ ഹാജരാക്കിയപ്പോൾ 23 തൊഴിലാളികൾക്കും ശമ്പളം നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഇദ്ദേഹമെന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ അസി. എൻജിനീയർക്കും സെക്രട്ടറിക്കും പിന്തുണയുമായി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും എത്തിയതോടെ രംഗം വഷളായി. സമരം മറ്റ് തൊഴിലിടങ്ങളിലേക്കും യൂണിയൻ വ്യാപിപ്പിക്കാനൊരുങ്ങിയതോടെ ശമ്പളം നൽകാമെന്നും എ.ഇയുടെ നടപടി അന്വേഷിക്കാമെന്നും സെക്രട്ടറി അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിൽ യൂണിയൻ ജില്ലാ എക്‌സി അംഗം ജി. വിജയകുമാർ, എസ്. ശ്രീനാഥ്, ബഷീർ, എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, എസ്. ഹരിഹരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.