അതിർത്തി സംഘർഷത്തിലൂടെ ഇന്ത്യയെ വിരട്ടി ഒതുക്കാമെന്ന് കരുതിയ ചൈനയെ അമ്പരപ്പിക്കുന്ന നീക്കമാണ് ഡിജിറ്റൽ അറ്റാക്കിലൂടെ ഇന്ത്യ നടത്തിയത്. സോഷ്യൽ മീഡിയയിലെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ചൈനയുടെ 'ഡിജിറ്റൽ സിൽക് റൂട്ടിന്" മാരകമായ തിരിച്ചടിയായി. അതിർത്തിയിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചുകൊണ്ട് ഒരു ഭീഷണിക്കും വഴങ്ങില്ല എന്ന സന്ദേശം ഇന്ത്യ ആദ്യമേ നൽകി. സംഘർഷം തീർന്നിട്ടില്ലെങ്കിലും ആളിക്കത്താതെ നിൽക്കുകയാണ്. അപ്പോഴാണ് ഒരു പടി കൂടി കടന്ന് ചൈനയുടെ കച്ചവട മുഖത്തേക്ക് ഇന്ത്യ ഡിജിറ്റൽ നിറയൊഴിച്ചത്. സംഘർഷം കൂടിയാൽ നിങ്ങൾക്ക് നഷ്ടം കൂടുതലായിരിക്കും എന്ന് വാചകത്തിലൂടെ വിരട്ടുകയല്ല ചൈനീസ് ആപ്പ് നിരോധനത്തിലൂടെ പ്രവർത്തിച്ച് കാണിച്ചു കൊടുക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്.
ടിക്‌ടോക് , യു.സി ബ്രൗസർ, ഹലോ, ഷോപ്പിംഗ് ആപ്പായ ക്ളബ്ബ് ഫാക്ടറി തുടങ്ങി 59 സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾ നിരോധിച്ചതിന് കാരണമായി ഇന്ത്യ ചൂണ്ടിക്കാണിച്ചിരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും അവ ഭീഷണിയായിരിക്കുന്നു എന്നതാണ്. ഐ.ടി വകുപ്പിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഇന്ത്യയിൽ ഈ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള ഡേറ്റ ചൈനയിലേക്ക് അനുവാദമില്ലാതെ മാറ്റി എന്ന പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനാധാരമായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2017-ൽ മദ്രാസ് ഹൈക്കോടതി ടിക് ടോക് മൂന്ന് മാസത്തേക്ക് നിരോധിച്ചിരുന്നു. അത് സുരക്ഷാഭീഷണിയുടെ അടിസ്ഥാനത്തിലായിരുന്നില്ല. കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിനോടൊപ്പം നാശോന്മുഖമായ പ്രവണത അവരിൽ വളർത്താൻ ഇത് ഇടയാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടപെടൽ. എന്നാൽ മൂന്ന് മാസം കഴിഞ്ഞ് കോടതി നിരോധനം പിൻവലിച്ച ഉടനെ ടിക് ടോക് വീണ്ടും ആക്ടീവായി.
ഇത്തവണത്തെ നിരോധനത്തിന്റെ പശ്ചാത്തലം അതല്ല. ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ ഭടന്മാർക്ക് ജീവത്യാഗം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഉറച്ച തീരുമാനം. ഇന്ത്യയുടെ സുരക്ഷാപ്രശ്നം കാരണമായി പറഞ്ഞിരിക്കുന്നതിനാൽ നിയമപരമായി അനുകൂലമായ ഒരു നടപടിയും ഇന്ത്യൻ കോടതികളിൽ നിന്നും ചൈനീസ് കമ്പനികൾക്ക് ലഭിക്കില്ല. സംഘർഷം കെട്ടടങ്ങി, മുന്നോട്ട് വച്ച കാൽ ചൈന പിൻവലിക്കുന്നതു വരെ നിരോധനം തുടരാനാണ് സാദ്ധ്യത. ഇൗ നിരോധനം ദീർഘനാൾ നീണ്ടുനിൽക്കാം. ഈ ഇടവേളയിൽ ചൈനയ്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. ഇന്ത്യയ്ക്കാകട്ടെ സ്റ്റാർട്ടപ് കമ്പനികളുടെ പുതിയ പ്ളാറ്റ്‌ഫോമുകളുമായി രംഗത്ത് വരാനും കഴിയും. അതായത് നിരോധനം പിൻവലിച്ചാലും ചൈനീസ് കമ്പനികൾക്ക് പഴയ ബിസിനസ് അതേപടി ലഭിക്കില്ല. കച്ചവടം പൂട്ടുമെന്ന് മനസിലാകുമ്പോൾ കുരച്ചുകൊണ്ട് വന്ന ചൈനയ്ക്ക് വാലാട്ടേണ്ടിവരും. മാത്രമല്ല ഇന്ത്യയുടെ ഈ തീരുമാനം അന്താരാഷ്ട്ര രംഗത്തും അനുരണനങ്ങൾ സൃഷ്ടിക്കും. മറ്റ് പല രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് രംഗത്തുവന്നേക്കാം. കൊവിഡ് ബാധയുടെ ഉറവിടം എന്ന രീതിയിൽ ചൈന അത്രമാത്രം ലോക രംഗത്ത് വെറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ആ രീതിയിൽ വീക്ഷിച്ചാൽ ചെെനയുടെ നഷ്ടം വിചാരിക്കുന്നതിലും അപ്പുറമാകും.
ചൈനയിലെ ബെെറ്റ് ഡാൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക് തുടങ്ങിയ ആപ്പുകൾ സാമ്പത്തികമായി ചെറിയ കളിയല്ല നടത്തുന്നത്. ടിക്‌ടോക് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം ഇന്ത്യയിൽ 12 കോടിയാണ്. കാണുന്നവരുടെ എണ്ണം 20 കോടിവരും.ഷെയറിറ്റ് 20 കോടിയും യു.സി ബ്രൗസർ 13 കോടിയും മൈ കമ്മ്യൂണിറ്റി 8 കോടിയും ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ മൊത്തം എണ്ണം 45 കോടിയാണ്. ഇതിൽ ചെറിയ ഒരു ശതമാനം പേരൊഴികെ ബാക്കി എല്ലാവരും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നവരാണ്.
ടിക് ടോക്കിലൂടെ മാത്രം ചൈനയ്ക്ക് 2019 ജൂലായ് - സെപ്തംബർ കാലയളവിൽ 25 കോടിയാണ് ലഭിച്ചത്. 2020 ജൂലായ് - സെപ്തംബർ കാലയളവിൽ അവർ പ്രതീക്ഷിച്ചത് 100 കോടി രൂപയാണ്. അതായത് ടിക് ടോക്കിൽ നിന്നു മാത്രം പ്രതിവർഷം 300 - 400 കോടി രൂപ വരുമാനമാണ് ലക്ഷ്യം. ഇത് ഒരു ആപ്പിന്റെ മാത്രം കാര്യം. അങ്ങനെ നോക്കുമ്പോൾ നിരോധനം എന്ന ഇന്ത്യയുടെ ഡിജിറ്റൽ അറ്റാക്കിലൂടെ ചൈനയ്ക്ക് പ്രതിവർഷം നഷ്ടമാകുന്നത് കുറഞ്ഞത് 3000 കോടി രൂപയാകും.
ഇന്ത്യക്കാരായ കുറച്ച് പേർക്ക് ജോലി നഷ്ടപ്പെടും എന്നത് ഇതിന്റെ ഒരു മറുവശമാണ്. ഈ ആപ്പുകളുടെ കമ്പനികൾ മുംബയ്, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഓഫീസുകൾ തുറക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 2000 പേർക്കെങ്കിലും ജോലി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ദേശവികാരം ചൈനയ്ക്ക് എതിരാകുമ്പോൾ ഇതൊരു നഷ്ടമായിട്ടല്ല ത്യാഗമായിട്ടേ കണക്കാക്കാനാകൂ.
ഹ്രസ്വ വീഡിയോ പ്ളാറ്റ്‌ഫോമായ ടിക് ടോക് ഇന്ത്യയിൽ പലർക്കും വരുമാന മാർഗം കൂടിയാണ്. വീഡിയോ കാണുന്നവരുടെയും സബ്സ്‌ക്രൈബ് ചെയ്ത് ഫോളോവേഴ്സാകുന്നവരുടെയും എണ്ണം കൂടുന്നതനുസരിച്ച് ടിക് ടോക് താരങ്ങൾക്ക് വരുമാനവും കൂടും. ഇതിൽ തന്നെ പല കള്ളക്കളികളും ചൈനീസ് കമ്പനികൾ കാണിക്കാറുണ്ട്. കള്ളക്കണക്ക് പറയുന്നത് ചൈനയുടെ രീതികളിൽ ഒന്നാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
സർഗാത്മകത പ്രകടിപ്പിക്കാൻ പലർക്കും ഒരു പൊതുവേദിയായി മാറിയതാണ് ടിക് ടോക്കിന്റെ വിജയം. ഇതിനെ വെല്ലുന്ന തദ്ദേശീയമായ ആപ്പുകൾ ഇന്ത്യൻ കമ്പനികൾക്കും വികസിപ്പിക്കാവുന്നതേ ഉള്ളൂ. അതിലൂടെ ഇപ്പോൾ ഉണ്ടാകുന്ന ചെറിയ നഷ്ടം ഭാവിയിൽ വലിയ നേട്ടമായി ഇന്ത്യയ്ക്ക് മാറ്റിയെടുക്കാനാവും. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ ഈ ഡിജിറ്റൽ അറ്റാക് എന്തുകൊണ്ടും ഭാവിയിൽ രാജ്യത്തിന് ഗുണകരമായി ഭവിക്കാനേ വഴിയുള്ളൂ.ചെെനയ്ക്ക് അപാര പാരയായും.