chandrababu

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററിൽ ഏക മകൾ ആസന്നനിലയിൽ കിടക്കുന്നതു താങ്ങാനാവാതെ അച്ഛൻ ആശുപത്രിവളപ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചു. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ താരമായ ചന്ദന (ദേവു-9) ആണ് ചികിത്സയിൽ കഴിയുന്നത്. ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കര വീട്ടിൽ ബി. ചന്ദ്രബാബു (42)വിനെയാണ് ഇന്നലെ രാവിലെ എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനയുടെ നില ഗുരുതരമാണെന്ന് ചൊവ്വാഴ്ച വൈകിട്ട് ഡോക്ടർമാർ അറിയിച്ചശേഷം ചന്ദ്രബാബു മകളെ സന്ദർച്ചിരുന്നു.

തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന രോഗമാണ് ചന്ദനയ്ക്ക്. ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അഞ്ചു ദിവസം മുമ്പാണ് അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് എസ്.എ.ടിയിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ഇളയച്ഛൻ രമേശും ചന്ദനയ്ക്കൊപ്പമുണ്ടായിരുന്നു. മകളുടെ ആരോഗ്യം മെച്ചപ്പെടാത്തതിൽ ചന്ദ്രബാബു ദിവസങ്ങളായി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു പുലർച്ചയോടെ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റിനുശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷമേ വിട്ടുനൽകൂ.

ഇളയ കുട്ടി രണ്ടാംനാൾ മരിച്ചു

രണ്ടു വർഷം മുൻപ് ചന്ദനയ്ക്ക് ഒരനുജത്തി പിറന്നെങ്കിലും രണ്ടാംനാൾ മരിച്ചുപോയി. ഇതിന്റെ ആഘാതം വിട്ടുമാറും മുന്നേയാണ് ചന്ദനയെയും രോഗം കീഴടക്കിയത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസിലെ നാലാംക്ലാസ് ‌വിദ്യാർത്ഥിനിയാണ്. എട്ടുദിവസം മുമ്പ് കളിക്കുന്നതിനിടെ ജന്നി വന്ന് വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര രോഗം കണ്ടെത്തിയത്.

സ്വയം മറന്ന് ചന്ദന

സ്വയം മറന്ന് ചുവടുവച്ച ചന്ദനയുടെ വീഡിയോകൾക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചില ചാനൽ പരിപാടികളിലും പങ്കെടുത്തിരുന്നു. വളരെയധികം തുക ചികിത്സയ്ക്കായി വേണ്ടിവന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തെ ചന്ദനയുടെ രോഗാവസ്ഥ പുറത്തുവന്നതിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേർ സഹായിച്ചു.

തലച്ചോറിൽ നീര്‌ കെട്ടിയിട്ടുണ്ട്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൊവിഡ് അടക്കമുള്ള കൂടുതൽ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ജന്നിവരുന്നതുകൊണ്ട് അനസ്ത്യേഷ്യ അടക്കം നൽകിയെങ്കിലും നിലയിൽ മാറ്റമില്ല. സർക്കാർ സ്കീമിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.

-ഡോ. സന്തോഷ് കുമാർ,​ എസ്.എ.ടി ആശുപത്രി സൂപ്രണ്ട്.