തിരുവനന്തപുരം: ഒാർഡിനറി ബസിലെ മിനിമം ചാർജായ 8 രൂപ നിലനിറുത്തി യാത്രാനിരക്ക് കൂട്ടാൻ ഗതാഗത വകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ (രണ്ട് ഫെയർ സ്റ്റേജ്) നിന്ന് രണ്ടരയായി (ഒരു ഫെയർ സ്റ്റേജ്) കുറച്ചു. കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പർ ക്ളാസ് ബസുകളുടെ നിരക്കിൽ 25% വർദ്ധനയും വരുത്തി. കൊവിഡ് കാലത്തേക്കാണ് ബാധകം.
വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് രണ്ടാക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റിൽ 30% വർദ്ധനയാണ് ശുപാർശ ചെയ്തിരുന്നത്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ മാസം 26ന് ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പരിഷ്കരിച്ചാണ് വർദ്ധനയ്ക്ക് രൂപം നൽകിയത്.
ശുപാർശ ചെയ്തത് രണ്ടു തരത്തിൽ
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ബസ് ചാർജ് വർദ്ധനയ്ക്ക് രണ്ട് രീതിയാണ് ശുപാർശ ചെയ്തിരുന്നത്. ആദ്യത്തേതിൽ മിനിമം നിരക്ക് 12 രൂപ, കിലോമീറ്ററിന് 30% വർദ്ധന, കിലോമീറ്റർ നിരക്ക് 90 പൈസ. രണ്ടാമത്തേതിൽ മിനിമം നിരക്ക് 10 രൂപ, കിലോമീറ്ററിന് 50 % വർദ്ധന, കിലോമീറ്റർ നിരക്ക് 1.10 രൂപ. ഇതിൽ ആദ്യത്തേതിലെ കിലോമീറ്റർ നിരക്ക് അംഗീകരിച്ചു.
'കൊവിഡ് ബാധയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതും നിന്നുള്ള യാത്ര വിലക്കിയതും ഡീസൽ വിലയിലെ വൻ വർദ്ധനയുമാണ് ബസ് ചാർജ് കൂട്ടാൻ കാരണമായത്".
-മന്ത്രി എ.കെ.ശശീന്ദ്രൻ