
തിരുവനന്തപുരം: ധനകാര്യ ബിൽ പാസാക്കുന്നതിനു മാത്രമായി ജൂലായ് അവസാനവാരം ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരാൻ ഇന്നലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗത്തിൽ ധാരണ. തീയതി അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.
നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ധനകാര്യ ബിൽ ചർച്ച ചെയ്ത് പാസാക്കുക. അന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും.
അഞ്ചോളം സബ്ജക്ട് കമ്മിറ്റികളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞുവേണം നടപടിക്രമമനുസരിച്ച് ധനകാര്യ ബിൽ പാസാക്കേണ്ടത്. ഈ കമ്മിറ്റികളിലെല്ലാം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കേണ്ടതിനാൽ പരമാവധി അംഗങ്ങൾക്ക് ബിൽ ചർച്ചയിൽ ഭേദഗതികളവതരിപ്പിച്ച് സംസാരിക്കാൻ അവസരം കിട്ടണമെന്ന് കക്ഷിനേതാക്കളുമായി സ്പീക്കർ നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാവർക്കും സംസാരിക്കാനവസരം നൽകാനുതകുന്ന വിധത്തിൽ മറ്റ് കാര്യപരിപാടികളെല്ലാം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചു.