പൂവാർ: തിരുപുറം ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് നിർണ്ണായക പങ്കു വഹിച്ച 'ഗ്രാമസേവാസംഘം' ലൈബ്രറിക്ക് 72-ാം പിറന്നാൾ പിന്നിടുകയാണ്.ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ ഗ്രന്ഥശാല സ്വാതന്ത്ര്യാനന്തരം 1948 മാർച്ചിലാണ് തുടക്കമായത്. 'ഗ്രാമസേവാസംഘം' എന്ന പേര് സ്വീകരിക്കുകയും 1970 ൽ രണ്ട് സെന്റ് ഭൂമി സ്വന്തമാവുകയും 2004-ൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഓലപ്പുര മാറ്റി ഇന്നു കാണുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
ഗ്രന്ഥശേഖരണം, തൊഴിലില്ലായ്മ പരിഹരിക്കുക, ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത, വളം, വിത്ത് തുടങ്ങിയവ ശേഖരിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്യുക. കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിക്കുക, ഗതാഗത സംവിധാനം വർദ്ധിപ്പിക്കുക. ആരോഗ്യ സംരക്ഷണം, മിതവ്യായശീലം, സ്വാശ്രയവും ഐക്യതയും ഉറപ്പുവരുത്തുക, സാക്ഷരതയും വായനാശീലവും വർദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ഗ്രാമസേവാസംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.ഇതിന്റെ ഭാഗമായി ഗ്രന്ഥശാലയ്ക്ക് 12000-ൽപരം പുസ്തകങ്ങളും 1400 അംഗങ്ങളുമുണ്ട്. വായനയുടെ പുതിയ ലോകം തുറന്നു കൊണ്ട് ബാലവേദി, യുവജനവേദി, വനിതാ വേദി, കർഷക വേദി, തുടങ്ങിയ മേഖലകളിലും പൊതുവിൽ കലാ കായിക സാംസ്കാരിക രംഗത്തും തനതായ വെക്തി മുദ്ര പതിപ്പിക്കാൻ ഗ്രന്ഥശാല പ്രവർത്തനത്തിനായി. കലാ സാഹിത്യ മത്സരങ്ങളും പി.എസ്.സി ക്ലാസുകളും കൂടാതെ ചർച്ച, സെമിനാർ, പുസ്തക റിവ്യൂ, പ്രകൃതിസംരക്ഷണം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടന്നു വരുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് തല വായനാ മത്സരം, 'എന്റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപെട്ടിക്ക് ' എന്ന പദ്ധതിയും നടപ്പാക്കുന്നു. ഇതോടൊപ്പം തരിശ് ഭൂമി ഏറ്റെടുത്ത് കൃഷിയും, കോവിഡ് 19 കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനും ഗ്രന്ഥശാല വേദിയായി.പരിമിതികൾ പരിഹരിച്ച് ഗ്രാമത്തിന്റെ അക്ഷരവെളിച്ചത്തെ കൂടുതൽ പ്രകാശപൂരിതമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വൃദ്ധർക്കായി പകൽ വീടും, ഇ-വിജ്ഞാന കേന്ദ്രവും സ്ഥലപരിമിതികളാൽ നടപ്പാക്കാനായിട്ടില്ല. കെട്ടിടത്തിൽ സൗകര്യമൊരുക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് സെക്രട്ടറി തിരുപുറം സതീഷ് ആവശ്യപ്പെട്ടു.