വെള്ളറട: പൊതു ശ്മശാനം വേണമെന്ന വെള്ളറട നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പദ്ധതിക്ക് ഇനിയും പ്രകടനപത്രികയിൽ ഇടംപിടിക്കാനാണ് വിധി. ഒരു കോടി രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ട് പോയെങ്കിലും ഉന്നതർ ഇടപെട്ട് അട്ടിമറിച്ചെന്നാണ് ആക്ഷേപം. മുന്നണികൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പൊതു ശ്മശാനം ഉൾപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജനസാന്ദ്രതയുള്ള മലയോരപ്രദേശത്ത് ആധുനിക രീതിയിലുള്ള ശ്മശാനം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് അധികൃതർ നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. സ്ഥലങ്ങൾ വിട്ടുനൽകാൻ തയ്യാറായ വസ്തു ഉടമകൾ രേഖകൾ ജില്ലാ അധികൃതർക്ക് കൈമാറുകയും ചെയ്തു. എന്നാൽ സ്ഥലം ഏറ്റെടുത്ത് ശ്മശാനം നിർമിക്കാനുള്ള തുടർനടപടി മുടങ്ങിയതാണ് പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഉയരാൻ കാരണം. സ്വന്തമായി വസ്തു ഇല്ലാത്തവർക്കും രണ്ടോ മൂന്നോ സെന്റ് വസ്തുവിൽ വീടു വച്ച് താമസിക്കുന്നവരുമായ മലയോര കർഷകർക്ക് ഉറ്റവർ മരിച്ചാൽ സംസ്കരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും കിലോമീറ്ററുകൾ താണ്ടി പൊതു ശ്മശാനമുള്ള സ്ഥലത്ത് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഭാരിച്ച ചെലവു വേണ്ടിവരുന്നു. പഞ്ചായത്തിൽ പൊതുശ്മശാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത് കോളനി വാസികളാണ്. ഏറ്റവും കുടതൽ കോളനിയുള്ള പ്രദേശം കൂടിയാണ് വെളളറട. മറ്റ് സ്ഥലഉടമകൾ കനിഞ്ഞാലേ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും കഴിയൂ എന്ന അവസ്ഥയിലാണ് അധികൃതർ. ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. എന്നിട്ടും സ്ഥലം ഏറ്റെടുക്കൽ ഘട്ടത്തിൽ ജില്ലാപഞ്ചായത്ത് പദ്ധതി ഉപേക്ഷിച്ചത് ദുരൂഹമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മലിനീകരണമില്ല
മലിനീകരണ നിയന്ത്രണ ബോർഡിന്റെ എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് ആധുനിക ശ്മശാനത്തിന്റെ നിർമാണം. അന്തരീക്ഷമലിനീകരണമോ ദുർഗന്ധമോ ഉണ്ടാകില്ല. സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധമാകും ശ്മശാനം പ്രവർത്തിക്കുക.
പ്രതികരണം
"വെള്ളറടയിൽ പൊതു ശ്മശാനം സ്ഥാപിക്കുന്നതിന് സഹ്യപർവത അടിവാരത്ത് റവന്യുവകുപ്പ് നിർദ്ദേശിച്ച വിലയ്ക്ക് സ്ഥലം നൽകാൻ വസ്തു ഉടമകൾ തയ്യാറായിരുന്നു എന്നാൽ ചിലരുടെ ഇടപെടലുകൾ കാരണം പദ്ധതി മുന്നോട്ട് പോയില്ല."
- വസ്തു വിട്ടുനൽകാൻ തയ്യാറായ വസ്തു ഉടമകൾ