school

കിളിമാനൂർ: അറിവിന്റെ യശസ് വാനോളം ഉയർത്തി ഒരു പൊതു വിദ്യാലയം. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി റിസൽറ്റ് വന്നപ്പോൾ ഫുൾ എ പ്ലസുകളുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത്. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളെ വെല്ലുന്ന അക്കാഡമിക് മികവും, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും ഓരോ വർഷവും വിദ്യാർത്ഥികളുടെ വർദ്ധനയുമാണുണ്ടാകുന്നത്. ഇതുകൊണ്ട് തന്നെ സ്കൂൾ സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ അക്കാഡമിക്, കലാ, കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് അധികൃതർ വേണ്ടത്ര പരിഗണന കൊടുക്കുകയും കിഫ് ബി ഫണ്ടിൽ നിന്നു പുതിയ കെട്ടിടത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തു. ഹൈസ്കൂൾ കെട്ടിടത്തിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ലോക്ക് ഡൗണിലും ബി. സത്യൻ എം.എൽ.എയുടെ മേൽനോട്ടത്തിൽ ദ്രുതഗതിയിൽ നടന്നു വരികയാണ്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്