election

തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി.

ആഗസ്റ്റിന് ശേഷമേ ആലോചിക്കാനാവൂ. അങ്ങനെയാവുമ്പോൾ പുതിയ അംഗങ്ങൾക്ക് ഒരു വർഷത്തിൽ താഴെ കാലാവധിയേ കിട്ടൂ. തിരഞ്ഞെടുപ്പ് നടത്തിപ്പിന് 8- 10 കോടി ചെലവ് വരുമെന്നതും കണക്കിലെടുക്കണമെന്ന് റിപ്പോർട്ടിലുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് നിർദ്ദേശിച്ചാലും അനുസരിക്കാൻ തയാറാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട് എം.എൽ.എ ആയിരുന്ന തോമസ് ചാണ്ടിയും ചവറ അംഗമായിരുന്ന എൻ. വിജയൻ പിള്ളയും അന്തരിച്ചതിനാലാണ് രണ്ടിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മീണ ചൂണ്ടിക്കാട്ടിയത്

 സാമൂഹ്യ അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ബുദ്ധിമുട്ട്

 രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണം സാദ്ധ്യല്ല

 ഉദ്യോഗസ്ഥരെല്ലാം കൊവിഡ് പ്രതിരോധ ഡ്യൂട്ടി തിരക്കിൽ

 കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു