തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാഡമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സാഹസിക അക്കാഡമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.
അക്കാഡമിയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അഡ്വഞ്ചർ ട്രെയ്‌നിംഗ് രംഗത്ത് കേരളത്തിന് തനതായ മുദ്ര പതിപ്പിക്കാനാകും. ഇപ്പോഴുള്ളതിന് പുറമെ ജിംനാസ്റ്റിക്, സർക്കസ് തുടങ്ങിയവയ്ക്കും മികച്ച പരിഗണന നൽകിയുള്ള കോഴ്‌സുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി വി.ഡി.പ്രസന്നകുമാർ, ബോർഡ് അംഗം സന്തോഷ് കാല തുടങ്ങിയവർ പങ്കെടുത്തു.