ടൂറിസം, ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ അഭിമുഖം,
?സഹകരണ മേഖലയിൽ നാലുവർഷത്തിനിടെയുണ്ടായ നേട്ടങ്ങൾ
ഹ്രസ്വകാല വായ്പാ സംഘങ്ങളെ ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറ്റി,കേരളബാങ്ക് രൂപീകരിച്ചു.ഇത് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് .
സംസ്ഥാനം അനുഭവിച്ച ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞു. കെയർ കേരള എന്ന പദ്ധതിയിലൂടെ ഭവനരഹിതരായ 2000 ലധികം പേർക്ക് വീടുകൾ നിർമ്മിച്ച് നൽകി. ഇതിന്റെ രണ്ടാം ഘട്ടമായി ജില്ലയിൽ ഒരെണ്ണമെന്ന നിലയിൽ ഫ്ലാറ്റ് സമുച്ചയ നിർമാണം തുടങ്ങി.പ്രളയം ബാധിച്ച് പ്രദേശങ്ങളിൽ 581.03 കോടി രൂപയുടെ പലിശരഹിത വായ്പാ നൽകി.കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണിലടക്കം സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലും സഹായവും ഉണ്ടായിട്ടുണ്ട്.
വട്ടിപലിശക്കാരെ ഒഴിവാക്കാൻ നടപ്പിലാക്കിയ മുറ്റത്തെ മുല്ല എന്ന പദ്ധതിയിലൂടെ ഗ്രാമമേഖലയിലെ ജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ വായ്പ നൽകിവരുന്നു.
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് സഹകരണ സംഘം രൂപീകരിച്ചു.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ വലിയ മാറ്റം ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് സഹകരണ മേഖല .
?സർക്കാരിന്റെ അഞ്ചാമത്തെ വർഷത്തിൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ
ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ പൂർത്തീകരണമാണ് അവസാന വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. നടപ്പാക്കി തുടങ്ങിയ കാര്യങ്ങൾ സമഗ്രതയോടെ മുന്നോട്ടു കൊണ്ടു പോകും
?ഇതുവരെയുള്ള പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു
ഒരുപാട് അഭിമാനവും സംതൃപ്തിയുമുണ്ട് . ഇടതുമുന്നണി സർക്കാറിന്റെ നയങ്ങൾക്കനുസരണമായി മുഖ്യമന്ത്രി ഏല്പിച്ച മൂന്നുവകുപ്പുകളുടെയും പ്രവർത്തനം നന്നായി കൊണ്ടുപോകാൻ കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചു. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട ജനങ്ങളിൽ വലിയ തോതിൽ ആശങ്ക ഉണ്ടായിരുന്നു. സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു . അഞ്ചു ദേവസ്വം ബോർഡുകളും അഴിമതി മുക്തമാക്കാൻ കഴിഞ്ഞു. പി.എസ് .സി ക്ക് സമാനമായി ദേവസ്വം ബോഡുകളിലേക്കുള്ള നിയമനവും രാജ്യത്താദ്യമായി സാമ്പത്തിക സംവരണത്തിലൂടെ നിയമനവും നടപ്പാക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണ് .
?കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ് , ഈ അവസരത്തിൽ ലോക്ഡൗൺ നിയന്ത്രങ്ങൾ ഇനി എങ്ങനെയാകും
പ്രതിരോധത്തിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമാകുന്ന വിധത്തിലുള്ള ഇളവുകൾ നൽകി മുന്നോട്ടുപോകുക മാത്രമേ ഈ അവസരത്തിൽ കരണീയമായിട്ടുള്ളൂ. കൊവിഡ് ആകെ മാറിയ ശേഷം ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന് കരുതിയിരിക്കാൻ ഇനി കഴിയില്ല. പതിയെ സാധാരണ ജീവിതത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു. ഒപ്പം ജാഗ്രതയോടെ ഓരോ നിമിഷവും പ്രവർത്തിക്കുകയും വേണം. ആരോഗ്യ വിദഗ്ദർ പറയുന്നത് അടുത്തിടെയൊന്നും കോവിഡ് പൂർണമായി മാറില്ലെന്നാണ്. ഇന്ന് കോവിഡിന്റെ രൂപത്തിലുള്ള വൈറസ് മറ്റൊരു രൂപത്തിൽ വരാനും സാദ്ധ്യതയുണ്ട് .