നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിൽ മാതൃകാകൃഷി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവപച്ചക്കറി കൃഷി ഊർജിതം.രണ്ട് ഏക്കർ വസ്തുവിലാണ് കൃഷി മുന്നേറുന്നത്.കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ഈ വർഷം വിളവ് കൂടുമെന്ന് കർഷക ക്ലസ്റ്റർ പ്രസിഡന്റ് ആൽബർട്ട് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് ജനകിയാസൂത്രണ പദ്ധതി പ്രകാരം പത്തു ഹെക്റ്റർ പച്ചക്കറി കൃഷിക്ക് വിത്തും വളവും ജൈവ കീടനാശിനികളുമാണ് കൃഷിഭവൻ വഴി വിതരണം നടത്തിയത്. ഹെക്റ്ററിന് 17,000 രൂപ നിലം ഒരുക്കൽ സഹായവും കർഷകചന്തയിൽ ഉല്പന്നം എത്തിക്കുന്ന അളവിന്റ അടിസ്ഥാനത്തിൽ കി.ഗ്രാമിന് 5 രൂപ നിരക്കിൽ ഒന്നരലക്ഷം രൂപ ബോണസും ഓണത്തിനായി ഗ്രാമപ്പഞ്ചായത്ത് കരുതിയിട്ടുണ്ട്.ജില്ലാപ്പഞ്ചായത്ത് തരിശുഭൂമി കൃഷിയിൽ 20 ഹെക്റ്റർ സ്ഥലം ആനാട്ട് കൃഷിഭൂമിയാക്കൽ നടപടി തുടങ്ങി.1000 വീടുകളിലെ പച്ചക്കറി കൃഷിക്ക് തൈയും വളവും വിതരണം ചെയ്തു. തൊഴിലുറപ്പംഗങ്ങൾ വഴി 5000 വീടുകളിൽ ഭക്ഷ്യ സുരക്ഷാ കിറ്റ് ഉടനെ എത്തിക്കുമെന്നും നല്ലയിനം കരിമുണ്ടതൈകളും ടിഷ്യൂകൽച്ചർ വാഴതൈകളും കൃഷിഭവനിൽ വില്പനയ്ക്കെത്തിയിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.