തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയിച്ച എല്ലാവർക്കും നിലവിൽ ഉപരിപഠനത്തിന് അവസരമുണ്ടെങ്കിലും, പ്ലസ് വൺ സീറ്റുകൾ കൂട്ടിയേക്കും.കൊവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിഭാഗങ്ങളിൽ നിന്ന് സംസ്ഥാന സിലബസിലേക്കെത്തുന്നവർക്കും അവസരമൊരുക്കാനാണിത് .
ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചത് 4,17,101 പേരാണ് . നിലവിൽ പ്ലസ് വൺ, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, പോളിടെക്നിക് എന്നിവയിൽ എല്ലാം കൂടി 4,23,975 സീറ്റുകളാണുള്ളത്. പ്ലസ് വൺ സീറ്റുകൾ മാത്രം 3,61,746.ഇതിൽ 1,41,050 എണ്ണം സർക്കാർ സ്കൂളുകളിലും 1,65,100 സീറ്റുകൾ എയ്ഡഡിലും, 55,596
സീറ്റുകൾ അൺഎയ്ഡഡിലുമാണ്. ശരാശരി 45,000 സി.ബി.എസ്.ഇ കുട്ടികൾ സംസ്ഥാന സിലബസിലെത്താറുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിലെ ബാച്ചുകളിൽ 20 ശതമാനം വരെ ആനുപാതിക സീറ്റ് വർദ്ധന അനുവദിച്ചാണ് കഴിഞ്ഞ വർഷം വരെ സീറ്റ് കുറവ് പരിഹരിച്ചിരുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി ഫലം പതിനഞ്ചിന് പ്രസിദ്ധീകരിച്ച ശേഷം സീറ്റ് കൂട്ടുന്നതിൽ സർക്കാർ തീരുമാനമെടുക്കും.