ചാലക്കുടി: കൈഞരമ്പ് മുറിച്ചതിന്റെ ചിത്രവും ശബ്ദസന്ദേശവും സുഹൃത്തിന് വാട്ട്‌സ് ആപ്പിൽ അയച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ചാലക്കുടി പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. വയനാട് സ്വദേശിയായ അഭിലാഷ്(32) ആണ് പോട്ടയിലെ ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ചത്. ഉടൻ കൂട്ടുകാരൻ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ എസ്.ഐ: കെ.കെ. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ലോഡ്ജിൽ എത്തി. മൂന്നാം നിലയിൽ നിന്നാണ് അഭിലാഷിനെ താഴെയിറക്കിയത്. ആശുപത്രിയിൽ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്ക് മാറ്റിയിട്ടുണ്ട്. ആറുമാസമായി ഇയാൾ ലോഡ്ജിൽ താമസിക്കുന്നുണ്ട്. ഭാര്യയുമായി വഴക്കിട്ടായിരുന്നു മേസൺ പണിക്കാരനായ ഇയാൾ ചാലക്കുടിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.