k-raju

വനം, മൃഗസംരക്ഷണ ,ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജുവുമായി നടത്തിയ അഭിമുഖം

? നാലുവർഷത്തെ നേട്ടങ്ങൾ

ക്ഷീര മേഖലയിൽ പാലിന്റെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചു .ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ ആറര ലക്ഷം ലിറ്റർ പാലാണ് ദിവസവും അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നിരുന്നത്. ഇപ്പോൾ ഒരു ലക്ഷം ലിറ്റർ പാൽ മാത്രമാണ് പുറത്തുനിന്നും കൊണ്ടുവരുന്നത്. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തയിലേക്കുള്ള പ്രയാണത്തിലാണ് കേരളം . 2018 ലെ പ്രളയത്തിൽ 9000ത്തോളം പശുക്കളും 2019 ലെ വെള്ളപ്പൊക്കത്തിൽ രണ്ടായിരത്തോളം പശുക്കളും ചത്തുപോയില്ലായിരുന്നെങ്കിൽ ഇതിനിടയിൽ സ്വയം പര്യാപ്തതയിൽ എത്തുമായിരുന്നു.
പശുഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം പത്തിലധികം പഞ്ചായത്തുകളിലായി പശുക്കളെ കർഷകർക്ക് വാങ്ങി നൽകുന്ന പദ്ധതി നടപ്പിലാക്കി. ഒരു കോടിരൂപയാണ് ഒരു പഞ്ചായത്തിൽ ഇതിനായി അനുവദിച്ചത്.മാംസത്തിന്റെയും മുട്ടയുടെയും ഉത്‌പാദത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 53 പഞ്ചായത്തുകൾ ഉൾപ്പെടുന്നുവരുന്ന ഓണാട്ടുകരയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ പോത്തു വളർത്തൽ സ്‌കീം നടപ്പാക്കി. 2500 കർഷകർക്ക് പോത്തു കുട്ടിയെ ഏൽപ്പിക്കുകയും അവർ ഒരുവർഷം വളർത്തുന്ന പോത്തുകളെ വിലനൽകി തിരികെ എടുക്കുന്നതുമാണ് പദ്ധതി. പദ്ധതി വിജയപ്രദമായതോടെ വയനാട് കൂടി നടപ്പാക്കാൻ ഒരുങ്ങുകയാണ് .

? കൊവിഡിൽ തകർന്ന മേഖലകളെ പുനരുദ്ധരിക്കാനുള്ള നടപടി

 കേരളബാങ്ക് വഴി ക്ഷീര കർഷകർക്ക് 6.8 ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. ഇതിൽ പ്രകാരം രണ്ടു പശുക്കളുടെ 5000 യൂണിറ്റുകൾ തുടങ്ങാനുള്ള വായ്പ അനുവദിക്കും . 1,23,000 രൂപയാണ് ഇതിനായി ഓരോ കർഷകനും അനുവദിക്കുന്നത്.

അഞ്ചു പശു ഉൾപ്പെടുന്ന മിനി ഡയറികളുടെ 1000 യൂണിറ്റുകൾ സ്ഥാപിക്കും.ഇതിന് 6,30,000 രൂപ വായ്പ അനുവദിക്കും . ഇതിലും സബ്‌സിഡി ഉണ്ടാകും. അന്യ സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവക്ക് ഈ പദ്ധതിയിൽ മുൻഗണന നൽകും.


?നടപ്പാക്കാനാകാത്ത പദ്ധതികൾ

പേവിഷത്തിനെതിരെ മനുഷ്യരിലും മൃഗങ്ങളിലും കുത്തിവയ്ക്കാൻ കഴിയുന്ന വാക്‌സിൻ ഉദ്‌പാദിക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഭാരിച്ച സാമ്പത്തിക ചെലവ് ഉണ്ടാകുമെന്നതിനാൽ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ ഹെഡ്ക്വാർട്ടേഴ്‌സ് നിർമ്മാണം തടസപ്പെട്ടുകിടക്കുകാണ്. പാരിസ്ഥിതിക ദുർബല പ്രദേശത്താണ് നിർദിഷ്ട കെട്ടിടം പണി നടക്കുന്നതെന്നുള്ള ഗ്രീൻ ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് വന്നതിനാൽനിർമ്മാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

? അവസാന വർഷം ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ
 പാലിൽ സ്വയംപര്യാപ്തയാണ് ലക്ഷ്യം . സർക്കാരിന്റെ കാലത്തു തന്നെ ഇതുപൂർത്തീകരിക്കും . കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും. മുട്ട , കോഴിയിറച്ചി എന്നിവയിലും സ്വയം പര്യാപ്‌ത നേടും.