manoj

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളുമെടുത്ത് വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ അദൃശ്യ ഇന്റർനെറ്റ് സംവിധാനമായ ഡാർക്ക് നെറ്റിൽ വലവിരിച്ച് പൊലീസിന്റെ സൈബർഡോം. പശ്ചാത്തലത്തിൽ മലയാളം കലണ്ടറുകളും പത്രങ്ങളും മലയാളം സംഭാഷണമുള്ളതുമായ വീഡിയോകൾ വൻവിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ പാകിസ്ഥാൻ, ചൈന, വിയറ്റ്‌നാം, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. കുട്ടികളെ ചൂഷണം ചെയ്തുള്ള ഈ ഇന്റർനെറ്റ് അധോലോകത്തിന്റെ ഇടപാടുകൾക്ക് തടയിട്ട് അശ്ലീല വിൽപ്പനക്കാരുടെ വേരറുക്കാനുള്ള ശ്രമത്തിലാണ് എ.ഡി.ജി.പി മനോജ്എബ്രഹാമും സംഘവും .

വാങ്ങുന്നതും വിൽക്കുന്നതും ആരെന്നോ ഏത് രാജ്യത്തുള്ളവരെന്നോ ഉള്ള വിവരങ്ങളൊന്നും ഡാർക്ക്‌നെറ്റിൽ ഉണ്ടാവില്ല. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ളയാൾ ആസ്ട്രേലിയയിലെ വ്യാജ ഐ.പിവിലാസമാവും ഉപയോഗിക്കുക.പണമിടപാടുകൾ കറൻസിയിലല്ല, ബിറ്റ്‌കോയിനിലാണ്. എന്നാൽ ബിറ്റ്കോയിൻ വാങ്ങാൻ ബാങ്ക് അക്കൗണ്ടോ ഇ-വാലറ്റോ ഉണ്ടാവണം. വിവിധ ഏജൻസികളുടെ സഹായത്തോടെ ഈ ബാങ്കിടപാടുകൾ കണ്ടെത്തിയാണ് ഡാർക്ക്നെറ്റിലെ കച്ചവടക്കാരെ കുടുക്കുക. ഡാർക്ക്നെറ്രിൽ കുട്ടികളുടെ അശ്ലീലത തിരയുന്നവരെ കണ്ടെത്താനുള്ള സോഫ്‌റ്റ്‌‌വെയർ സൈബർഡോമിനുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ കണ്ടെത്താൻ സൈബർ പട്രോളിംഗിനായി കേന്ദ്രസർക്കാർ കൈമാറിയ സോഫ്‌റ്റ്‌വെയറുമുണ്ട്.

ഇങ്ങനെ കിട്ടിയ വിവരങ്ങൾ പിന്തുടർന്ന് 117ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 47പേർ അറസ്റ്റിലായത്. 87 കേസുകളുമുണ്ട്. അറസ്റ്രിലായ ഇടുക്കിയിലെ ഡോക്ടറിൽ നിന്ന് മൂന്ന് ഹാർഡ് ഡ്രൈവുകളിൽ നിന്ന് ആറ് ടെറാബൈറ്റ് (ടി.ബി) ദൃശ്യങ്ങളാണ് പിടിച്ചത്.

ഡാർക്ക്നെറ്റ്

ഇന്റർനെറ്റിലെ അധോലോകമാണിത്. പ്രത്യേക സോഫ്‌റ്റ്‌വെയറിലൂടെയോ അക്കൗണ്ടുകളിലൂടെയോ പ്രവേശിക്കാനാവൂ.

മയക്കുമരുന്ന്, കള്ളനോട്ട്, വ്യാജരേഖകൾ, അശ്ലീല വ്യാപാരം, ഹാക്കിംഗ്, ആയുധ-അവയവ വ്യാപാരം എന്നിവയെല്ലാമുണ്ട്

ബി​റ്റ്‌കോയ്ൻ പോലെ ഡിജിറ്റൽ കറൻസിയിലാണ് പണമിടപാട്. ഡാർക്ക്‌നെ​റ്റിനു വേണ്ടി മാത്രം സെർച്ച് എൻജിനുമുണ്ട്.

ആശയവിനിമയം എൻക്രിപ്റ്റ് ചെയ്ത് ലോകത്ത് പലേടത്തുമുള്ള കണക്റ്റഡ് നെറ്റ്‌വർക്കുകളിലൂടെയാണ് കൈമാറ്റംചെയ്യുക.

ഉപയോഗിക്കുന്നവരുടെ ഐ.പിവിലാസം എൻക്രിപ്‌റ്ര് ചെയ്ത് പൂർണമായി രഹസ്യാത്മകത ഉറപ്പുവരുത്തുന്നുണ്ട്.

ഹാക്ക്ചെയ്ത് കൈക്കലാക്കുന്ന ക്രെഡിറ്ര് കാർഡ് വിവരങ്ങൾ വിൽപ്പനയ്ക്കുണ്ട്, വിലയ്ക്ക് വാങ്ങാം.

സൈബർഡോം എന്തുചെയ്യും

1) ഡാർക്ക്നെറ്റിലെ പ്രവൃത്തികൾ സൈബർഡോമിന്റെ ഡാർക്ക് വെബ് അനാലിസിസ് ലാബ് നിരീക്ഷിക്കും

2)സോഷ്യൽ എൻജിനിയറിംഗ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ഡാർക്ക്നെറ്റിലുള്ളവരെ കണ്ടെത്തും

3) ഡാർക്ക്നെറ്രിലൂടെയുള്ള പണം തട്ടിപ്പുകളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡുകളും കണ്ടെത്തും.

5വർഷം തടവ്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5വർഷം വരെ തടവും 10ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

ഡാർക്ക്നെറ്റിലെ നിരീക്ഷണം 24മണിക്കൂറും തുടരും. കുട്ടികളെ ചൂഷണം ചെയ്യുന്നവരെ പിടികൂടാൻ സ്‌മാർട്ട് ട്രാപ്പ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടാവും.

മനോജ്എബ്രഹാം

അഡി.ഡി.ജി.പി