തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സർക്കാർ പൂർണമായും വിശ്വാസത്തിലെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളം സാമൂഹ്യവ്യാപനത്തിന്റെ വക്കിലെത്തിയിട്ടും സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാൻ വ്യാപകപരിശോധന വേണമെന്ന് തുടക്കം മുതൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇത് ചെവിക്കൊണ്ടില്ല. ഇതുവരെ എത്ര രോഗികളുടെ പരിശോധന പൂർത്തിയാക്കിയെന്ന കണക്ക് സർക്കാർ പുറത്ത് വിടണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്ക അറിയിച്ചിട്ടും മുഖ്യമന്ത്രി അത് പരിഗണിക്കാൻ തയ്യാറാകാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്ന കോവിഡ് രോഗികളിൽ 70 ശതമാനം പേരുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.