custody-death

നാഗർകോവിൽ: തൂത്തുക്കുടി കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സാത്താൻകുളം എസ്.ഐ രഘുഗണേഷ് അറസ്റ്റിൽ. കോടതി നിർദ്ദേശത്തെ തുടർന്ന് കേസന്വേഷിക്കുന്ന സി.ബി.സി.ഐ.ഡിയാണ് രഘുഗണേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ബാലകൃഷ്ണൻ, മുരുകൻ, മുത്തുരാജ്, എന്നിവരെയടക്കം മറ്റ് ആറ് പൊലീസുകാരയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ തമിഴ്നാട് ഡി.ജി.പിക്കും ജയിൽ മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു. അന്വേഷണ റിപ്പോർട്ട്,​ പോസ്റ്റുമോർട്ടം റിപ്പോർട്ട്,​ ചികിത്സാ രേഖകൾ, റിമാൻഡ് റിപ്പോർട്ട് തുടങ്ങിയവ ഹാജരാക്കാനാണ് നിർദേശം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കേസെടുക്കാൻ തെളിവുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ക്രൂരമർദ്ദനത്തെക്കുറിച്ച് പറയുന്നുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെൽവേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സി.ബി.സി.ഐ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം,​ കേസിലെ സുപ്രധാന തെളിവുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.സാത്താൻകുളം സ്വദേശിയായ തടി വ്യാപാരി പി. ജയരാജും മകൻ മൊബൈൽ കടഉടമ ഫെനിക്സും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ഇക്കഴിഞ്ഞ 23നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.

വിമർശനവുമായി രജനീകാന്ത്

തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പൊലീസുകാർക്കെതിരെ നടൻ രജനീകാന്ത് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും രജനീകാന്ത് പറഞ്ഞു. ''അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിനെ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതിയെക്കുറിച്ചറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. പ്രതികൾക്ക് കഠിന ശിക്ഷ നൽകണം. അവർ ഒരിക്കലും രക്ഷപ്പെടരുത്'' അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.