ep-jep-jayarajan

സംസ്ഥാനത്തെ വ്യവസായ വികസനം സാദ്ധ്യമാക്കാൻ എല്ലാവിധ നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. എൽ.‌‌ഡി.എഫ് സർക്കാരിന്റെ നാലാംവാർഷികം പ്രമാണിച്ച് അദ്ദേഹം കേരള കൗമുദിയുടെ ചോദ്യങ്ങൾക്കുത്തരം പറയുന്നു.

ചോദ്യം:സംസ്ഥാനത്തിന്റെ വ്യവസായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് സർക്കാർ നടത്തിയത് .

ഉത്തരം: വ്യവസായം തുടങ്ങാനുള്ള നടപടികൾ ലളിതമാക്കാൻ നിയമം കൊണ്ടുവന്നതാണ് ഈ മേഖലയിൽ സർക്കാരിന്റെ ഏറ്റവും പ്രധാന നീക്കം. സർക്കാർ‌ പാസ്സാക്കിയ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ നിയമ പ്രകാരം മുൻകൂർ അനുമതിയില്ലാതെ ചെറുകിട സംരംഭങ്ങൾ തുടങ്ങാം. വ്യവസായം തുടങ്ങി മൂന്നുവർഷത്തിനകം അനുമതി നേടിയാൽ മതി. നേരത്തെ തന്നെ 14 വകുപ്പുകളുടെ 30 അനുമതി വേണ്ടിയിരുന്ന സമ്പ്രദായം ഈ സർക്കാർ ഒഴിവാക്കിയിരുന്നു. കെ.സ്വിഫ്റ്റ് പ്രകാരം ഏകജാലക സമ്പ്രദായം നേരത്തെ തന്നെ സർക്കാർ കൊണ്ടുവന്നിരുന്നു. കൊച്ചി-കോയമ്പത്തൂർ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കൽ, ഗെയിൽ വാതക പൈപ്പ് ലൈൻ 97 ശതമാനം പൂർത്തിയാക്കൽ, സ്കൂളുകളിലെ സൗജന്യ കൈത്തറി യൂണിഫോം വഴി നെയ്ത്ത്തുകാർക്ക് തൊഴിലവസരമുണ്ടാക്കൽ

എന്നിവയെല്ലാം ഈ സർക്കാരെടുത്ത നടപടികളാണ്.

ചോദ്യം : പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നഷ്ടത്തിലാണല്ലോ. ഇതിന് പരിഹാരമായി എന്തുനടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്

ഉത്തരം: പല പൊതുമേഖലാ സ്ഥാപനങ്ങളെയും നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കരകയറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ചന്ദ്രയാൻ ദൗത്യത്തിനും മറ്റും ഐ.എസ്. ആർഒയ്ക്ക് ഉപകരണങ്ങൾ നിർമ്മിച്ചത് കെൽട്രോൺ, കേരളാ ഓട്ടോമൊബൈൽസ്, സിഡ്‌കോ, എസ്. ഐ.എഫ്. എൽ, കെ.എം.എം.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ട്. നഷ്ടത്തിലായവയെ ലാഭത്തിലാക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്.

ചോദ്യം: കേരളത്തിൽ വികസനത്തിനനുകൂലമായ അന്തരീക്ഷമില്ല എന്ന പരാതിയുണ്ടല്ലോ

ഉത്തരം: നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിലെ വ്യവസായ വികസനത്തിൽ കേരളം ഒന്നാമത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമായി സംസ്ഥാന സർക്കാർ മാറ്റിക്കൊണ്ടിരിക്കുകയാണ്. വ്യവസായ വികസനത്തിനുള്ള പശ്ചാത്തലസൗകര്യം സർക്കാർ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ നാലുവർഷം കൊണ്ട് 58,524 ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിച്ചത്. -

ചോദ്യം: മറ്റ് നാടുകളിൽ നിന്നു മടങ്ങിവരുന്ന വിദഗ്ദ്ധരായ തൊഴിലാളികളെ ഉൾക്കൊള്ളാനും ഗൾഫിൽ നിന്ന് മടങ്ങുന്നവരെ സംരംഭകരാക്കാനും എന്തുനടപടികളാണ് സർക്കാർ കൈക്കൊണ്ടത്.

ഗൾഫിൽ നിന്ന് മടങ്ങിവരുന്ന തൊഴിലാളികളുടെ വൈദഗ്ദ്ധ്യത്തിന്റെ കണക്കെടുക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. പ്രവാസികളിൽ പണം നിക്ഷേപിക്കാനും സംരംഭം നടത്താനും താല്പര്യമുള്ളവർക്ക് വേണ്ട ഉപദേശവും മാർഗദർശനവും നൽകുന്നതിനായി സർക്കാർ നടപടിയെടുക്കും ഇതിനായി സമിതി രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായ മേഖലയ്ക്ക് 3438 കോടി രൂപയുടെ വ്യവസായ ഭദ്രതാ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

 ചോദ്യം : യു.ഡി.എഫ് സർക്കാരിൽ നിന്ന് വ്യത്യസ്തമായി എന്തു നടപടികളാണ് സർക്കാർ കൈക്കൊണ്ടത്.

യു.ഡി.എഫ് കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ 131.6 കോടി രൂപയുടെ നഷ്ടമായിരുന്നു. ഇന്നത് 8.26 കോടി രൂപലാഭത്തിലാണ് .15 സ്ഥാപനങ്ങൾ ലാഭത്തിലാണ്.

ഇതുതന്നെ ഞങ്ങളുടെ മേന്മ വെളിവാക്കുന്നതല്ലെ.