റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമായി നടത്തിയ അഭിമുഖം
അടിസ്ഥാനസൗകര്യവികസനത്തിന് ഭൂമിയുടെ ലഭ്യത വലിയ പ്രശ്നമല്ലേ?
സംസ്ഥാനത്തെ അടിസ്ഥാനസൗകര്യവികസനത്തിന് ഭൂമിയുടെ ലഭ്യത ഒരു പ്രശ്നമേ അല്ലാതാക്കാൻ നാലുവർഷത്തെ ഇടതുമുന്നണി ഭരണത്തിന് കഴിഞ്ഞു.
കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതുൾപ്പെടയുള്ള പശ്ചാത്തല വികസനം കുറയുന്നത് ഭൂമിയില്ലാത്തതുകൊണ്ടാണെന്ന ആക്ഷേപമുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിൽ പരിഗണനയിലുള്ള ഒരു പശ്ചാത്തലവികസന പദ്ധതിക്കും ഭൂമിയേറ്റെടുപ്പ് ഒരു പ്രശ്നമാകില്ല. റോഡ് വികസനത്തിനായാലും റെയിൽ വികസനത്തിനായാലും വിമാനത്താവളത്തിന്റെ റൺവേ കൂട്ടുന്ന കാര്യത്തിലായാലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിലും സ്ഥലമേറ്റെടുപ്പ് കാര്യക്ഷമമായി നടക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ പരിസരത്തായി 500 ഏക്കർവീതമുള്ള മൂന്ന് സ്ഥലങ്ങളാണ് വ്യവസായ വികസനത്തിന് അനുവദിച്ചത്. തൃശൂർ വ്യവസായ പാർക്കിനും സ്ഥലമേറ്രെടുത്തിട്ടുണ്ട്. ചെറുവള്ളി വിമാനത്താവളത്തിനായി പരിഗണിക്കുന്ന ഭൂമിയുടെ അവകാശത്തെക്കുറിച്ച് തർക്കമുള്ളത് കാരണം പണം കോടതിയിൽ കെട്ടിവയ്ക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന്റെ സ്ഥലമെടുപ്പ് താമസിക്കുന്നത് വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ആർക്കായിരിക്കും എന്നതിൽ തീരുമാനമാകാത്തതുകൊണ്ടാണ്.
പുതിയ സ്ഥലമെടുപ്പ് പദ്ധതികൾ?
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ പുതുശേരി സെൻട്രൽ, പുതുശേരി ഈസ്റ്ര് വില്ലേജുകളിലായുള്ള 588 ഏക്കർ ഭൂമി ഏറ്രെടുക്കുന്നതിനുള്ള നടപടിക്രമമായിട്ടുണ്ട്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പാലാരിവട്ടം മുതൽ കാക്കനാട് വരെ 2.877 ഹെക്ടർ ഭൂമി ഏറ്രെടുക്കാനും നടപടിയായി. കാസർകോട് വ്യവസായ പാർക്കിന് 100 ഏക്കറും സോളാർ പദ്ധതിക്കായി 200 ഏക്കറും കാസർകോടെ പുതിയ മെഡിക്കൽ കോളേജിന് 100 ഏക്കറും സ്ഥലം നൽകുന്നുണ്ട്. തിരുവനന്തപുരത്ത് പുലയനാർകോട്ടയിൽ ആർ.സി.സിക്ക് പുതിയ കെട്ടിടം പണിയാനും റവന്യൂ വകുപ്പ് സ്ഥലം നൽകും.
ദേശീയ പാതയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പും എവിടെവരെയായി?
ദേശീയ പാതയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പും കാര്യക്ഷമമായി നടക്കുന്നുണ്ട്. കാസർകോട് ജില്ലയിൽ 230 ഹെക്ടർ ഭൂമിയാണ് ഏറ്രെടുക്കേണ്ടത്. കണ്ണൂർ 725 ഹെക്ടർ, കോഴിക്കോട്,235 ഹെക്ടർ, മലപ്പുറം490 ഹെക്ടർ, തൃശൂർ 378 ഹെക്ടർ,എറണാകുളം,38, ആലപ്പുഴ 177 ഹെക്ടർ, കൊല്ലം 124 ഹെക്ടർ,തിരുവനന്തപുരം 94 ഹെക്ടർ എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്കുപ്രകാരം ഭൂമി ഏറ്രെടുക്കേണ്ടത്. ചിലയിടത്ത് ഏറ്രെടുക്കൽ പൂർത്തിയായി. ചില സ്ഥലങ്ങളിൽ ദേശീയ പാത അതോറിട്ടി പുനരധി വാസ പാക്കേജ് പ്രഖ്യാപിക്കാത്തതിനാൽ കോടതി സ്ഥലമെടുപ്പ് തടഞ്ഞിരിക്കുകയാണ് .