doctors

തിരുവനന്തപുരം: ഡോക്ടേഴ്സ് ദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ ഡോക്ടർമാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടർമാർ ചെയ്യുന്നതെന്നും അതിനാൽ തന്നെ എല്ലാവർക്കും ആദരവെന്നും മന്ത്രി പറഞ്ഞു. ഇത്തവണ എല്ലാ ഡോക്ടർമാരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്. അതിനാൽ തന്നെ മികച്ച ഡോക്ടർമാർക്ക് അവാർഡ് നൽകുന്ന പതിവ് ഇത്തവണ വേണ്ടെന്ന് വച്ചു. ഈ അവാർഡ് എല്ലാ ഡോക്ടർമാർക്കുമുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാകുന്നതിന് പിന്നിൽ ഡോക്ടർമാരുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴും നമ്മൾ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചാൽ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. എല്ലാ ആരോഗ്യ പ്രവർത്തകരും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടർ ഡോ. തോമസ് മാത്യു, 500 ഓളം ഡോക്ടർമാർ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.